|

ഇ.വി.എം ക്രമക്കേടുകളില്‍ ആശങ്ക, 50 ശതമാനം വിവിപാറ്റ് എണ്ണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍; വീണ്ടും സുപ്രീം കോടതിയെ സമീപിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മൂന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാവുമ്പോഴും ഇ.വി.എമ്മുകളെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ഈ ആവശ്യം തങ്ങള്‍ വീണ്ടും സുപ്രീം കോടതിയില്‍ അവതരിപ്പിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.

നേരത്തെ സമാനമായ ആവശ്യവുമായി പ്രതിപക്ഷം കോടതിയെ സമീപിച്ചപ്പോള്‍, എല്ലാ മണ്ഡലങ്ങളിലേയും 5 വിവിപാറ്റ് മെഷീനുകളിലെ റസീതുകള്‍ എണ്ണണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു.

കോണ്‍ഗ്രസ്, എന്‍.സി.പി, ടി.ഡി.പി, ത്രിണമൂല്‍, എ.എ.പി, സി.പി.ഐ, സി.പി.ഐ.എം, ഡി.എം.കെ എന്നീ പാര്‍ട്ടികളുടെ നേതാക്കള്‍ മുംബൈയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്രത്തിലും സംസ്ഥാനത്തും ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍ പറഞ്ഞു. ‘ഞങ്ങളുടെ ആശങ്ക സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടുമോ എന്നാണ്. ഇ.വി.എമ്മുകള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്നാണ് പേടി’- പവാര്‍ പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഉപകരണമാണെന്ന ആരോപണം ചന്ദ്രബാബു നായിഡു നേരത്തെ ഉന്നയിച്ചിരുന്നു.

റഷ്യയില്‍ നിന്ന് വരെ വേണമെങ്കില്‍ ഇ.വി.എം നിയന്ത്രിക്കാമെന്നും, ഒട്ടും വിശ്വാസ്യതയില്ലാത്ത ഉപകരമായ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.

Latest Stories