കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെയുള്ള വധഭീഷണി അപലപനീയമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. പരസ്പരം സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും വധഭീഷണിക്ക് കൂട്ടുനില്‍ക്കില്ലെന്ന് കാന്തപുരം പറഞ്ഞു.
‘അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ വ്യക്തിഹത്യയും വധഭീഷണിയും നടത്തുന്നത് ഭീരുക്കളുടെ സ്വഭാവമാണ്. വധഭീഷണി നടത്തുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണം,’ കാന്തപുരം പറഞ്ഞു.
തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം ജിഫ്രി തങ്ങള്‍ രംഗത്തുവന്നിരുന്നു.
മലപ്പുറം ആനക്കയത്ത് അഖില കേരള ഫിഫ്ത് കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞത്.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മുസലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് പലരും വിളിച്ചു പറയുന്നുണ്ടെന്നും അങ്ങനെ വല്ലതും സംഭവിച്ചാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്നുമാണ് ജിഫ്രി തങ്ങള്‍ പറഞ്ഞത്.
ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിര്‍ന്ന നേതാവുമായിരുന്ന സി.എം. അബദുല്ല മൗലവിയെ 2010 ഫെബ്രുവരി 15ന് പുലര്‍ച്ചെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഖാസിയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം പറഞ്ഞത്. മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് സമസ്തയും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തങ്ങള്‍ക്കെതിരായി വധഭീഷണി വന്നെന്ന സിറാജ് ഓണ്‍ലൈനിന്റെ വാര്‍ത്തയ്ക്ക് താഴെ കമന്റിട്ട ലീഗ് വയനാട് ജില്ലാ സെക്രട്ടറി യഹ്യ ഖാന്‍ തലക്കലിനെ സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്.
‘വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ചില ചെപ്പടിവിദ്യകള്‍,നാണക്കേട്’ എന്നാണ് യഹ്യ ഖാന്‍ കമന്റ് ചെയ്തിരുന്നത്.
‘സയ്യിദുല്‍ ഉലമയെ അവഹേളിക്കുന്നത് നോക്കിനില്‍ക്കില്ലെന്നും ലീഗ് യഹ്‌യ ഖാനെ തിരുത്തണമെന്നും,’ എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാക്കമ്മറ്റി പ്രതിഷേധ കുറിപ്പിലൂടെ അറിയിച്ചിരുന്നു.
പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കമന്റ് പിന്‍വലിച്ച യഹ്‌യ ഖാന്‍ രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയാണ് താന്‍ കമന്റിട്ടതെന്നും ഒരു കൂട്ടര്‍ അത് തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുകയാണ് എന്നുമാണ് യഹ്‌യ ഖാന്‍ പറഞ്ഞത്.
സമസ്തയുടെ ആദരണീയ നേതാവിനെ ഭീഷണിപ്പെടുത്തിയത് ആരാണെങ്കിലും അവരെ നിയമത്തിനുമുന്നില്‍ എത്തിക്കണമെന്നും യഹ്‌യ ഖാന്‍ പറഞ്ഞിരുന്നു.