| Thursday, 14th March 2019, 5:52 pm

ഈ ഹോളി മുതല്‍ ഒരൊറ്റ ചൈനീസ് ഉത്പന്നം പോലും കൈ കൊണ്ട് തൊടില്ലെന്ന് നമ്മള്‍ തീരുമാനിക്കണം; കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബദല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലില്‍ നാലാം തവണയും ചൈന എതിര്‍ത്തതിന് പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര മന്ത്രി ഹര്‍സിമ്രതി കൗര്‍ ബദല്‍. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പിലായിരുന്നു ചൈന എതിരായി വോട്ട് ചെയതത്.

“ഇന്ത്യക്കാരെയും നമ്മുടെ ജവാന്മാരെയും അക്രമിക്കുന്ന ഭീകരര്‍ക്ക് പിന്തുണ നല്‍കുകയാണെങ്കില്‍, ഈ ഹോളി മുതല്‍ ഒരു ചൈനീസ് ഉത്പന്നം പോലും കൈകൊണ്ടു തൊടില്ലെന്ന് തീരുമാനിച്ച് ചൈനയ്ക്ക് നമ്മള്‍ ശക്തമായി മറുപടി നല്‍കേണ്ട സമയമാണിത്”- കൗര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

മസൂദ് അസ്ഹറിനെതിരായ ഉപരോധ നടപടികള്‍ പഠിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നാണ് ചൈന ആവശ്യപ്പെട്ടത്. ഉപരോധം പാസായിരുന്നെങ്കില്‍ മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും യാത്രാവിലക്കും ഏര്‍പെടുത്തുമായിരുന്നു. മസൂദ് അസ്ഹറിനെ 1267 അല്‍ഖാഇദ സാങ്ഷന്‍ കമ്മിറ്റിയ്ക്ക് കീഴില്‍ കൊണ്ടുവരാനായിരുന്നു പ്രമേയം.

പ്രമേയം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്നും എന്നാല്‍, രാജ്യത്തിന്റെ പൗരന്‍മാര്‍ക്കെതിരേ നീചമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ട് വരാന്‍ സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്നമായിരുന്നു ഇന്ത്യയുടെ പ്രതികരണം.

നേരത്തെ, ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് പഞ്ചാബിനെ ഭിന്നിപ്പിച്ചതെന്നും, ഇന്ദിരാ ഗാന്ധിയാ സിഖ് വംശജരെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടിയാണ് സുവര്‍ണക്ഷേത്രം ആക്രമിച്ച് ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നതെന്നും കൗര്‍ പറഞ്ഞിരുന്നു.

രാജ്യത്തെ സിഖുകളോട് നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണമെന്നും കൗര്‍ ആഹ്വാനം ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more