ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അറസ്റ്റു ചെയ്തതിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായും സംസ്ഥാനത്തിന്റെ മറ്റു പല മേഖലകളിലും അക്രമം അഴിച്ചുവിട്ട രീതി ഒരു ജനാധിപത്യസമൂഹത്തില്‍ അനുവദിക്കപ്പെടാന്‍ പാടില്ലാത്തതാണ്. ഷുക്കൂര്‍ വധത്തിന്റെ ഗൂഢാലോചന പി.ജയരാജന്റെയും ടി.വി.രാജേഷ് എം.എല്‍.എയുടെയും സാന്നിദ്ധ്യത്തിലാണ് നടന്നതെന്നാണ് പോലീസിന്റെ പക്കലുള്ള തെളിവ്. ഗൂഢാലോചനയെക്കുറിച്ച് അറിഞ്ഞിട്ടും അത് തടഞ്ഞില്ല എന്ന കുറ്റം മാത്രമാണ് പോലീസ് ജയരാജനെതിരെ ഉന്നയിച്ചിട്ടുള്ളത്. ഈ ഗൂഢാലോചന സംബന്ധിച്ച് പോലീസ് കേസിന്റെ ശരിതെറ്റുകള്‍ പരിശോധിക്കാന്‍ ഇനി കോടതിയ്ക്ക് മാത്രമേ അധികാരമുള്ളൂ. []
ഇത്തരം കേസുകളുടെ സ്വഭാവത്തെക്കുറിച്ചും മറ്റും വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നിയമവാഴ്ചയെ തകര്‍ക്കുംവിധം ഇപ്പോള്‍ നടന്നതുപോലുള്ള അക്രമങ്ങള്‍ കെട്ടഴിച്ചുവിടുന്നത് ജനാധിപത്യവ്യവസ്ഥയെ അംഗീകരിക്കാത്തതും വെല്ലുവിളിക്കുന്നതുമായ സമീപനമാണ്. നിയമവാഴ്ചയെ അംഗീകരിക്കുന്നു എന്ന് ആണയിട്ടുകൊണ്ട് അധികാരത്തില്‍ പങ്കാളിയാവുന്ന ഒരു പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഇത്തരം സമീപനമല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അക്രമത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാമെതിരെ കര്‍ശനമായ പോലീസ്, കോടതി നടപടികളെടുക്കാന്‍ സര്‍ക്കാര്‍ മടിക്കരുത്. ഇങ്ങിനെ നിയമവാഴ്ചയെ പരസ്യമായി വെല്ലുവളിക്കുന്ന പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ പങ്കെടുക്കാനുള്ള അവകാശം നിഷേധിക്കുന്ന തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികളെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും ഗൗരവപൂര്‍വ്വം ആലോചിക്കേണ്ടതുണ്ട്.
ഒരു കൊലപാതകക്കേസിലെ പ്രതിയെ അറസ്റ്റുചെയ്തതിന്റെ പേരില്‍ സംസ്ഥാനത്തെ ജനജീവിതം മുഴുവന്‍ സ്തംഭിപ്പിക്കും വിധം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് തികച്ചും ജനവിരുദ്ധമായ നടപടിയാണ്. ജനാധിപത്യവ്യവസ്ഥയെ ദുര്‍ബ്ബലപ്പെടുത്തുന്ന രീതിയില്‍ ഇപ്പോള്‍ നടക്കുന്നതുപോലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ആനന്ദ്, സക്കറിയ, ബി.ആര്‍.പി. ഭാസ്‌കര്‍, എം.ജി എസ്.നാരായണന്‍, സി.ആര്‍ പരമേശ്വരന്‍, സാറാ ജോസഫ്, കെ വേണു, എം ഗംഗാധരന്‍, എന്‍.എം പിയേഴ്‌സന്‍, ടി.പി രാജീവന്‍, എം.എന്‍ കാരശ്ശേരി, ഹമ്മീദ് ചേന്ദമംഗല്ലൂര്‍, കെ.പി കുമാരന്‍, പി.എം മാനുവല്‍.