[] ന്യൂദല്‍ഹി: അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ ഫണ്ട് പറ്റുന്ന കമ്പനിയും ആധാര്‍ വിതരണക്കാരായ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയും(യു.ഐ.ഡി.എ.ഐ) തമ്മിലുള്ള കരാര്‍ ഉപേക്ഷിച്ച് ആധാര്‍ നിര്‍ത്തിവെക്കണമെന്ന് സി.പി.ഐ.എം.
ആധാര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സോഫ്ട്‌വെയര്‍ ലഭ്യമാക്കാനും രേഖകള്‍ ക്രോഡീകരിക്കുന്നതില്‍ സഹകരിക്കാനുമാണ് അമേരിക്കന്‍ കമ്പനിയായ മോംഗോ ഡിബിയുമായി അതോറിറ്റി കരാറിലേര്‍പ്പെട്ടത്.
സി.ഐ.എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍-ക്യു-ടെല്‍ എന്ന സ്ഥാപനം വഴിയാണ് കമ്പനിക്ക് സഹായം ലഭിക്കുന്നത്. രഹസ്യവിവരണങ്ങള്‍ വിതരണം ടെയ്യുന്നതില്‍ ഈ കമ്പനികള്‍ക്ക് അമേരിക്കന്‍ ചാര സംഘടനയെ സഹായിക്കാനും കഴിയും.
അതിനാല്‍ തന്നെ ആധാറിലൂടെ സമാഹരിച്ചിരിക്കുന്ന വ്യക്തിവിവരങ്ങളുടെ സുരക്ഷിതത്വം അപകടപ്പെടുത്തുന്ന നീക്കമാണ് പ്രസ്തുത കമ്പനിയുമായി കരാറിലേര്‍പ്പെട്ടതിലൂടെ ഉണ്ടായിരിക്കുന്നത്.
കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കരാര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി ആരംഭിച്ചതായി അതോറിറ്റി തന്നെ വ്യക്തമാക്കുന്നുണ്ട്. നിയമസാധുതയില്ലാത്ത അതോറിറ്റിയുടെ തീരുമാനം ഉത്കണ്ഠപ്പെടുത്തുന്നതാണെന്നും പോളിറ്റ് ബ്യൂറോ പറഞ്ഞു.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് മാക്‌സ് ഷീര്‍സണ്‍ മൂന്നാഴ്ച്ച മുമ്പ് ദല്‍ഹിയില്‍ വന്നിരുന്നു.
ആധാര്‍ കാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം കമ്പനികളെ നിയോഗിക്കുക വഴി വ്യക്തിവിവരങ്ങളും മറ്റും അമേരിക്കക്ക് ലഭിക്കുകയാണ്. അമേരിക്കയിലെ ടെലികോം, ഇന്റര്‍നെറ്റ് കമ്പനികള്‍ വഴി അമേരിക്ക അനധികൃതമായി ഡാറ്റകള്‍ ശേഖരിക്കുന്നതിന്റെ വിശദാംശങ്ങളാണ് എഡ്വേര്‍ഡ് സ്‌നോഡന്റെ ഫയലുകളിലൂടെ പുറത്ത് വന്നതെന്നും സി.പി.ഐ.എം പറഞ്ഞു.
സര്‍ക്കാരും സവിശേഷ അതോറിറ്റിയും ചേര്‍ന്ന് ഇത്തരത്തിലൊരു കരാറിലേര്‍പ്പെടുകവഴി പൗരന്റെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ വന്‍പിഴവാണ് വരുത്തിയിരിക്കുന്നത്.
അതോറിറ്റിയുടെ വിവരശേഖരണം നിയമപരമായ അടിത്തറയില്ലാതെയായിട്ടുപോലും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
പാര്‍ലമെന്റുമായി ചര്‍ച്ച ചെയ്ത് കരാര്‍ റദ്ദാക്കുന്നതുവരെ ആധാര്‍ പദ്ധതി നിര്‍ത്തിവെക്കണമെന്നും സി.പി.ഐ.എം ബോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.