Advertisement
Daily News
നികുതി വര്‍ധന പുനപരിശോധിക്കണം: കേരള കോണ്‍ഗ്രസ്(എം)
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Oct 16, 02:52 am
Thursday, 16th October 2014, 8:22 am

KM-MANI-002[]തിരുവനന്തപുരം: നികുതി വര്‍ധന പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്(എം) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കി. ഭൂമിയുടെ ന്യായവില വില വര്‍ധിപ്പിച്ചതടക്കമുള്ള നിര്‍ദേശങ്ങള്‍ പുനപരിശോധിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെയാണ് കേരള കോണ്‍ഗ്രസ്(എം) പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കാണാനെത്തിയത്. പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ പ്രതിനിധി സമ്മേളനത്തില്‍ മൂന്ന് പ്രമേയങ്ങളിലൂടെ ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി ചെയര്‍മാനായ ധനമന്ത്രി കെ.എം. മാണിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടെയുള്ള സംഘം സര്‍ക്കാറിന്റെ അടിയന്തര പരിഗണനയ്ക്കായി സമര്‍പ്പിക്കുകയായിരുന്നു.

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ധനമന്ത്രി തന്നെയാണ് ഭൂമിയുടെ ന്യായവിലയും സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയും വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം മന്ത്രിസഭയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചത്.

1997 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയ എല്ലാ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുന്നതിനുള്ള നടപടി എടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജലവിഭവ മന്ത്രി പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ്, എം.പിമാരായ ജോസ്. കെ. മാണി, ജോയി എബ്രഹാം തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.