റോഹിംഗ്യകളെ തിരികെ നാട്ടിലേക്ക് പ്രവേശിപ്പിക്കണമെന്ന് സൂകിയോട് യു.എന്‍
Daily News
റോഹിംഗ്യകളെ തിരികെ നാട്ടിലേക്ക് പ്രവേശിപ്പിക്കണമെന്ന് സൂകിയോട് യു.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th November 2017, 2:53 am

ജനീവ: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ തിരികെ നാട്ടിലേക്ക് പ്രവേശിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ട്‌റെസ്. ഫിലിപ്പിന്‍സ് തലസ്ഥാനമായ മനിലയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഓങ് സാങ് സൂകിയോട് ഇക്കാര്യം ഗുട്ട്‌റെസ് ആവശ്യപ്പെട്ടത്.

മ്യാന്മര്‍ കൂടി അംഗമായ “ആസിയാന്‍” മേധാവികളുടെ ഉച്ചകോടിക്കിടെയായിരുന്നു ഇത്. മാനുഷിക സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തി പരുന്നതിനോടൊപ്പം ഇരു വിഭാഗങ്ങളും തമ്മിലുള്ള അനുരഞ്ജന ശ്രമവും അനിവാര്യമാണെന്നും യു.എന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.


Also Read:   അദ്ദേഹം എന്നെ ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നു; ക്രിസ്റ്റ്യാനോ ചതിച്ചെന്ന് മുന്‍ കാമുകിയുടെ വെളിപ്പെടുത്തല്‍


ന്യൂനപക്ഷങ്ങള്‍ക്കെതിരെ അരങ്ങേറുന്ന വംശീയാതിക്രമങ്ങളില്‍ ആഗോളതലത്തില്‍ സൂകിയ്ക്കു സമ്മര്‍ദ്ദമേറുന്ന പശ്ചാത്തലത്തിലാണ് സെക്രട്ടറി ജനറലിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ രണ്ടു മാസത്തിനിടെ ആറു ലക്ഷത്തിലേറെ റോഹിംഗ്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. വടക്കന്‍ രഖൈനിലേക്ക് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയോ മാധ്യമപ്രവര്‍ത്തകരെയോ കടത്തി വിടുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യത്തു നടക്കുന്ന മുസ്‌ലിം വിരുദ്ധ അതിക്രമങ്ങളില്‍ പ്രതികരിക്കാന്‍ നൊബേല്‍ സമ്മാന ജേതാവുകൂടിയായ സൂകി ഇതുവരെ തയാറായിട്ടില്ല. അതേസമയം റോഹിംഗ്യ വിഷയത്തിലുള്ള സൂകിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ” ഫ്രീഡം ഓഫ് ദ സിറ്റി ഓഫ് ഡബ്ലിന്‍ അവാര്‍ഡ്” തിരിച്ചു നല്‍കുകയാണെന്ന് ഐറിഷ് സംഗീതജ്ഞനായ ബോബ് ഗെല്‍ദോഫ് പറഞ്ഞു.


Also Read: മടിയില്‍ കനമുള്ളവന്‍ കൈയേറ്റം സാധൂകരിക്കുമെന്ന് വി.എസ്


നേരത്തെ സൂകിക്കും ഇതേ പുരസ്‌കാരം നല്‍കിയിരുന്നു. മ്യാന്‍മാറില്‍ തടവിലായിരിക്കെ 2005ലാണ് ഓങ്സാങ് സൂകിക്ക് പുരസ്‌കാരം നല്‍കിയിരുന്നത്. ഒക്ടോബറില്‍ സൂകിയില്‍ നിന്നും “ഫ്രീഡം ഓഫ് ഓക്സ്ഫോര്‍ഡ് ടൈറ്റില്‍” തിരിച്ചെടുക്കാന്‍ ഓക്സ്ഫോര്‍ഡ് സിറ്റി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.

പുരസ്‌കാരത്തിന് സൂകി ഇപ്പോള്‍ അര്‍ഹയല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.