| Wednesday, 8th November 2023, 3:02 pm

ദ്രാവിഡിനെ ഇനി പരിശീലക സ്ഥാനത്ത് നിന്ന് മാറ്റേണ്ടതുണ്ടോ

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഐ.സി.സി ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ ആവേശത്തോടെ തുടരുകയാണ്. നിലവില്‍ എട്ട് മത്സരങ്ങളില്‍ എട്ടും വിജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമനായി തുടരുകയാണ്. 16 പോയിന്റും 2.456 റണ്‍റേറ്റുമാണ് ഇന്ത്യയുടെ പക്കലുള്ളത്. രാഹുല്‍ ദ്രാവിഡിന്റെ മികച്ച പരിശീലനത്തിലാണ് ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നത്.

എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് തയ്യാറെടുപ്പിന് മുമ്പ് തന്നെ രാഹുല്‍ ദ്രാവിഡ് നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ടായിരുന്നു. അടുത്തിടെ സമാപിച്ച വെസ്റ്റിന്‍ഡീസുമായുള്ള പരമ്പരയിലെ ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ രോഹിത് ശര്‍മക്കും വിരാട് കോഹ്‌ലിക്കും വിശ്രമം നല്‍കിയതിനെതിരെ നിരവധി ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു. അന്ന് നിരവധിപേര്‍ ദ്രാവിഡിനെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ദ്രാവിഡ് പരിശീലന സ്ഥാനം ഏറ്റെടുത്തതോടെ 2022ലെ ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യ നേരത്തെ പുറത്തായിരുന്നു. ശേഷം 2022ലെ ടി ട്വന്റി ലോകകപ്പിലെ സെമിഫൈനലിലും നിന്നും ഇന്ത്യ പുറത്തായി. തുടര്‍ന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. ഐ.സി.സിയുടെ കിരീടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയാതെ ടീം മാനേജ്‌മെന്റും താരങ്ങളും ഏറെ വിയര്‍ത്തു.

പക്ഷെ 2023 ലോകകപ്പ് മത്സരത്തില്‍ അസാധാരണമായ പ്രകടനമാണ് ടീം ഇന്ത്യ നടത്തുന്നത്. കളിച്ച മത്സരളില്‍ നിന്നും വമ്പന്‍ വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ ആധിപത്യമുറപ്പിക്കാനും ഇന്ത്യക്ക് കഴിഞ്ഞു. 2023 ലോകകപ്പില്‍ ആദ്യമായി സെമി ഫൈനലില്‍ പ്രവേശിച്ച ടീമും ഇന്ത്യയാണ്. ഇന്ത്യയുടെ മികച്ച പ്രകടനത്തെ നിരവധി പേരാണ് പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. 2023 ലോകകപ്പ് ഇന്ത്യക്ക് തന്നെയാണെന്ന് പലരും ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു.

ദ്രാവിഡിന് മുമ്പ് രവിശാസ്ത്രി പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും ശാസ്ത്രീയയുടെ കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ രണ്ടുതവണ ജയിച്ചിട്ടുണ്ടായിരുന്നു. കൂടാതെ 2019 ലോകകപ്പിന്റെ അവസാന നാലാം സ്ഥാനത്തേക്ക് ഇടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. പക്ഷേ ഇതുവരെ ഐ.സി.സി ടൂര്‍ണമെന്റുകളിലും വിജയിച്ചിട്ടില്ല.

2023 ലോകകപ്പ് അവസാനിക്കുന്നതോടെ പരിശീലക സ്ഥാനത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്നാണ് മറ്റു ചില ചര്‍ച്ചകള്‍. നിലവില്‍ ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യ ലോകകപ്പ് നേടുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി നെതര്‍ലന്‍ഡസ് ആണ്. നവംബര്‍ അഞ്ചിന് ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. തുടര്‍ച്ചയായ ഒമ്പതാം വിജയം ലക്ഷ്യം വെച്ച് ഇന്ത്യ ഇറങ്ങുമ്പോള്‍ നെതര്‍ലന്‍ഡസ് ഒരു അട്ടിമറി വിജയം കാത്തിരിക്കുകയാണ്.

Content Highlight: Should Rahul Dravid Be Removed From The Coaching Position

We use cookies to give you the best possible experience. Learn more