| Thursday, 2nd May 2019, 5:17 pm

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേസിലെ രേഖയാണോ തൊണ്ടിമുതല്‍ ആണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്ന് സുപ്രീം കോടതി. ദൃശ്യങ്ങള്‍ നൽകണം എന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്. നാളെ തീരുമാനം അറിയിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസിലെ നിർണ്ണായക രേഖകള്‍ തനിക്കു നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. ഇതേ ആവശ്യവുമായി ദിലീപ് മുൻപ് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീം കോടതിയുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ദിലീപ് വീണ്ടും ഹർജി സമർപ്പിക്കുന്നത്.

കേസിലെ രേഖ ലഭിക്കാൻ നിയമപരമായി തനിക്ക് അവകാശമുണ്ടെന്നും ദിലീപ് തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് രേഖ ആയിട്ടാണ് കാണുന്നതെങ്കിൽ ദിലീപ് കൈമാറുന്ന കാര്യത്തിൽ ജില്ലാ ജഡ്ജി തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

ദൃശ്യങ്ങള്‍ മുഴുവനായി ആണോ ഭാഗികമായി ആണോ നൽകേണ്ടത് എന്നുള്ള കാര്യത്തിലും തീരുമാനമെടുക്കാൻ ജില്ലാ ജഡ്ജിക്ക് കോടതി അനുവാദം നൽകിയിട്ടുണ്ട്. നിബന്ധനകളോടെ ദൃശ്യങ്ങൾ നൽകാൻ വകുപ്പുണ്ടെങ്കിൽ അതും പരിഗണിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. അതേസമയം മെമ്മറി കാർഡ് തൊണ്ടിമുതൽ ആണെങ്കിൽ ദൃശ്യങ്ങൾ വിചാരണയുടെ ഭാഗമായി ഉപയോഗിക്കാൻ ആവില്ലെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more