| Monday, 20th May 2019, 10:58 pm

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രീതി മാറ്റണം; പ്രണബ് മുഖര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടങ്ങളും പൂര്‍ത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് പുതിയ രീതി നടപ്പിലാക്കണമെന്ന് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. തെരഞ്ഞെടുപ്പ് സമയത്ത് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറിയെന്ന് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

‘ഈ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ പുതിയ ഒരു മാര്‍ഗം ഉണ്ടാവണം’- മുഖര്‍ജി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

ജനാധിപത്യ സ്ഥാപങ്ങള്‍ ശക്തിപ്പെടേണ്ടതുണ്ടെങ്കില്‍ അത് കൃത്യമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ‘ജനാധിപത്യം മുന്നോട്ടു പോയിട്ടുണ്ടെങ്കില്‍ അത് 1951 മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യമായ  മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയതിനാലാണ്’- മുഖര്‍ജി പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ജനങ്ങള്‍ക്ക് ഇനിയും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 67.3 ശതമാനമായിരുന്നു ഈ വര്‍ഷത്തെ പോളിംഗ് നിരക്ക്.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഉടലെടുത്ത ഭിന്നത തുടരുകയാണ്.തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗങ്ങളില്‍ നിന്നും രണ്ടാഴ്ച്ചയായി വിട്ടു നില്‍ക്കുന്ന കമ്മീഷനിലെ അംഗമായ അശോക് ലവാസക്ക് തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ കത്തയച്ചിരുന്നു.

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന പരാതിയില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് തുടര്‍ച്ചയായി ആറു തവണ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിച്ചാണ് അശോക് ലവാസ് യോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

ന്യൂനപക്ഷ തീരുമാനങ്ങള്‍ രേഖപ്പെടുത്താത്തിനാല്‍ താന്‍ ഫുള്‍ കമ്മീഷന്‍ സിറ്റിംഗില്‍ നിന്നു വിട്ടുനില്‍ക്കുന്നു എന്നു ചൂണ്ടിക്കാട്ടി ഈ മാസം നാലിന് ലവാസ മുഖ്യ കമ്മീഷണര്‍ക്ക് കത്തു നല്‍കിയിരുന്നു. തന്റെ അഭിപ്രായവും വിയോജിപ്പും രേഖപ്പെടുത്താത്തതിനാല്‍ യോഗത്തിലെ ചര്‍ച്ചകളിലുള്ള നിലപാടുകള്‍ അര്‍ഥമില്ലാതാകുന്നുവെന്നും അതുകൊണ്ട് വിട്ടുനില്‍ക്കുന്നുവെന്നുമാണ് ലവാസ നല്‍കിയ കത്തില്‍ പറയുന്നത്. ലവാസ് ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച കമ്മീഷന്‍ യോഗം ചേരും.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, കമ്മീഷണര്‍മാരായ അശോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവരാണു കമ്മീഷനിലുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more