| Tuesday, 24th March 2020, 6:37 pm

ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത ഹന്റാ വൈറസിനെതിരെ ഇന്ത്യ കരുതിയിരിക്കേണ്ടത് എന്തു കൊണ്ട്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചൈനയില്‍ ഒരാളുടെ മരണത്തിന് കാരണമായ ഹന്റാ വൈറസ് കൊവിഡ് -19 ഭീതിയില്‍ നിന്നും പതിയെ പ്രത്യാശ്യയിലേക്ക് നീങ്ങുന്ന ചൈനയെ ഭയപ്പെടുത്തുന്നുണ്ട്. കൊവിഡ് വിതച്ച നാശം മുന്നിലിലിരിക്കെ ഹന്റാ വൈറസിനെ ചൈന നിസ്സാരമായി കാണാന്‍ സാധ്യതയില്ല. എന്നാല്‍ ഹന്റാവൈറസിന്റെ കാര്യത്തിലുള്ള ജാഗ്രത ചൈനയോടൊപ്പം തന്നെ ഇന്ത്യയ്ക്കും ആവശ്യമാണ് എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനുള്ള പ്രധാന കാരണം ഹന്റാവൈറസ് ഇതിനുമുമ്പ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ്. സ്ഥിരീകരിക്കുക മാത്രമല്ല വൈറസ് ബാധയേറ്റ് ഇന്ത്യയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നാച്യുര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 2008-ല്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ ഇരുള വിഭാഗത്തില്‍ പെട്ട 28 പേര്‍ക്ക് ഹന്റാവൈറസ് പിടിപെട്ടിരുന്നു. ഈ വിഭാഗക്കാര്‍ കൂടുതലും എലി പിടുത്തത്തിലും പാമ്പ് പിടിത്തത്തിലും ഏര്‍പെട്ടിരുന്നവരായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2016 ല്‍ മുംബൈയില്‍ വെച്ച് ഒരു പന്ത്രണ്ടുകാരന്‍ ശ്വാസകോശത്തില്‍ നിന്നും രക്ത സ്രാവം ഉണ്ടായി മരിച്ചിരുന്നു. ഇത് ഹന്റാവൈറസ് മൂലമാണെന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ട്. ഡൗണ്‍ ടു എര്‍ത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 1994 ല്‍ ഗുജറാത്തിലെ സൂറത്തില്‍ ചെയ്ത പ്ലേഗ് പകര്‍ച്ച വ്യാധി രൂക്ഷമായി പടര്‍ന്ന അതേ കാലത്ത് തന്നെ ഇവിടത്തെ ജനങ്ങള്‍ക്ക് ഹന്റാവൈറസും പിടിപെട്ടിട്ടുണ്ട് എന്ന് ഊഹപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പിന്നീട് സ്ഥിരീകരണമുണ്ടായിട്ടില്ല.

അതേ സമയം കൊവിഡ്-19 പോലെ വ്യാപകമായി ഹന്റാവൈറസ് പടരാനുള്ള സാധ്യതയും കുറവാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാന്‍ സാധ്യത ഇല്ലാത്തതിനാലും വ്യാപകമായി എലികളില്‍ ഹന്റാവൈറസ് പടര്‍ന്ന സാഹചര്യം ഇതുവരെ ഇല്ലാത്തതിനാലും ആണിത്. ഒപ്പം സൂര്യപ്രകാശം ഏറ്റാല്‍ ഈ വൈറസ് നശിക്കുകയും ചെയ്യും.

വൈറസ് ബാധയുള്ള എലികളുടെ കാഷ്ഠം, മൂത്രം, അല്ലെങ്കില്‍ എലികളുടെ സ്പര്‍ശനമേറ്റ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത്, എലികളുടെ കടിയേല്‍ക്കുന്നത് ഇവയെല്ലാം ഹന്റാവൈറസ് മനുഷ്യരിലേക്ക് പടരുന്നതിന് കാരണമാവും. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കോ, വായുവില്‍ കൂടെയോ ഹന്റാ വൈറസ് പടരുകയില്ല.

ഹന്റാവൈറസ് ശരീരത്തിലെത്തിയാല്‍ ശ്വസനത്തെ ബാധിക്കുന്ന ഹന്റാവൈറസ് പള്‍മനറി സിന്‍ഡ്രോം (HPS) രക്തസ്രാവത്തിന് കാരണമാവുന്ന haemorrhagic fever with renal syndrom ( HFRS)
എന്നിങ്ങനെ രണ്ടു തരത്തിലാണ് ബാധിക്കുക.

രോഗ ലക്ഷണങ്ങള്‍

എച്ച്.പി.എസിന് പ്രധാനമായും പനി, പേശി വേദന, തലവേദന, ക്ഷീണം, തലചുറ്റല്‍,വിറയല്‍, വയറിനുള്ള പ്രശ്നങ്ങള്‍ എന്നിവയാണ് രോഗലക്ഷണങ്ങളായി കാണുക. ചികിത്സ തേടാതിരുന്നാല്‍ ശ്വാസതടസ്സം ഉണ്ടാവുകയും മരണം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. എച്ച്.എഫ്.ആര്‍.എസിന് സമാനമായ രോഗലക്ഷണങ്ങളോടൊപ്പം രക്ത സമ്മര്‍ദ്ദം കുറയല്‍, രക്ത സ്രാവം, കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയും രോഗലക്ഷണമായി കാണാം.
എച്ച്.പി.എസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം എച്ച്.എഫ്.ആര്‍.എസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരാന്‍ നേരിയ സാധ്യതയുമുണ്ട്. ഹന്റാവൈറസിനെതിരെയുള്ള പ്രത്യേക മരുന്നോ വാക്സിനോ ഇതുവരെയും കണ്ടു പിടിച്ചിട്ടില്ല. എലികളുടെ എണ്ണത്തില്‍ കുറവ് വരുത്തുക എന്നതാണ് രോഗവ്യാപനം തടയാനായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നോട്ട് വെക്കുന്ന പ്രധാന നിര്‍ദ്ദേശം.

ചൈനയില്‍ യൂന്നന്‍ പ്രവിശ്യയിലെ നിവാസിക്കാണ് ഹന്റാവൈറസ് ബാധിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ഇദ്ദേഹം മരണപ്പെടുകയും ചെയ്തു. ചൈനയിലെ മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവിടെ 32 പേര്‍ കൂടി ഹന്റാ വൈറസ് പരിശോധനയക്ക് വിധേയരായിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല.

 

We use cookies to give you the best possible experience. Learn more