ഫ്രഞ്ച് കപ്പിലെ ചൊവ്വാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ പായിസ് ഡി കാസലിനെ എതിരില്ലാത്ത ഗോളുകൾക്ക് തകർത്താണ് പി.എസ്.ജി മത്സരം വിജയിച്ചത്. മത്സരത്തിൽ അഞ്ച് ഗോളുകളാണ് കിലിയൻ എംബാപ്പെ സ്വന്തമാക്കിയത്. മറ്റ് രണ്ട് ഗോളുകൾ നെയ്മർ, കാർലോ സോലർ എന്നിവർ സ്വന്തമാക്കി.
എന്നാൽ മത്സരത്തിൽ പി.എസ്.ജി സൂപ്പർ താരം എംബാപ്പെയെ എതിരിടേണ്ടി വന്നപ്പോൾ താൻ അനുഭവിച്ച സംഘർഷം വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ് പായിസ് ഡി കാസലിന്റെ ക്യാപ്റ്റൻ അലക്സിസ് സിംജാക്ക്.
എംബാപ്പെ ഗോളടിക്കാനായി മുന്നേറുമ്പോൾ താരത്തെ തടയണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു താനെന്നും തന്റെ ടാക്കിളിൽ എംബാപ്പെക്ക് പരിക്ക് പറ്റിയാൽ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ പറ്റുമോ എന്ന സമ്മർദം തനിക്കുണ്ടായിരുന്നെന്നുമാണ് അലക്സിസ് സിംജാക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. മത്സരത്തിന് ശേഷമുള്ള പത്ര സമ്മേളനത്തിലാണ് താരം തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.
“എംബാപ്പെ പന്തുമായി കുതിച്ചു വരുമ്പോൾ ഞാൻ ആകെ കൺഫ്യൂഷനിലായിരുന്നു. എംബാപ്പെയേ തടയാൻ ഞാൻ അദ്ദേഹത്തെ ടാക്കിൾ ചെയ്യണമോ വേണ്ടയോ എന്നതായിരുന്നു എന്റെ കൺഫ്യൂഷൻ. ഞാൻ എന്നോട് തന്നെ സ്വയം ചോദിക്കുകയായിരുന്നു ബയേണുമായി അദ്ദേഹത്തിന് ഉടനെ കളിയുണ്ടല്ലോ, അപ്പോൾ എന്റെ ടാക്കിൾ എംബാപ്പെക്ക് പ്രശ്നമുണ്ടാക്കുമോ?,’ അലക്സിസ് സിംജാക്ക് പറഞ്ഞു.
“ഞാൻ ഏറ്റവും ആരാധിക്കുകയും ആർപ്പ് വിളിക്കുകയും ചെയ്യുന്ന താരങ്ങളോടൊത്ത് മൈതാനം പങ്കിടുക എന്നത് അസാധാരണമായ ഒരു അനുഭവമായിരുന്നു. ഞാൻ ഇത് സംഭവിക്കുമെന്ന് മുൻപൊരിക്കലും ചിന്തിച്ചിരുന്നില്ല. മത്സരത്തിൽ ഞങ്ങൾക്ക് സ്വയം നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി പതിനാലിനാണ് ബയേണുമായുള്ള പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരം. ഇത് വരെ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ സാധിക്കാത്ത പി.എസ്.ജി വളരെ പ്രാധാന്യത്തോടെയാണ് മത്സരത്തെ കാണുന്നത്. ഫ്രഞ്ച് കപ്പിൽ ചിരവൈരികളായ മാർസെലോക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ലീഗ് വണ്ണിൽ റെയിംസിനെയാണ് പി.എസ്.ജി അടുത്തതായി നേരിടുക.
Content Highlights:’Should I stop Mbappe? Don’t you?’ The opposing team captain is in total confusion