| Wednesday, 20th December 2023, 1:59 pm

'ഞാൻ ദളിതനായതുകൊണ്ടാണ് പാർലമെന്റിൽ എന്നെ സംസാരിക്കാൻ അനുവദിക്കാത്തത് എന്ന് പറയണോ?'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: എല്ലാ വിഷയത്തിലേക്കും ജാതി വലിച്ചിടരുതെന്ന് കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

തന്നെ അനുകരിച്ച് തൃണമൂൽ കോൺഗ്രസ്‌ എം.പി മിമിക്രി കാണിച്ചത് തന്റെ കർഷക പശ്ചാത്തലവും ജാട്ട് സമുദായത്തിൽ നിന്നുള്ള ആളായത് കൊണ്ടുമാണെന്ന രാജ്യസഭാ സ്പീക്കർ ജഗ്ദീപ് ധൻകറിന്റെയും ബി.ജെ.പിയുടെയും വിമർശനത്തിന് മറുപടി നൽകുകയായിരുന്നു ഖാർഗെ.

തന്നെ രാജ്യസഭയിൽ ഓരോ തവണയും സംസാരിക്കാൻ അനുവദിക്കാത്തത് താൻ ദളിതനായതുകൊണ്ടാണെന്ന് കരുതണോ എന്നും അദ്ദേഹം ചോദിച്ചു.

എം.പിമാർക്ക് സംരക്ഷണം നൽകേണ്ട സ്പീക്കറാണ് ഇത്തരം പരാമർശം നടത്തുന്നത് എന്നും ഖാർഗെ പറഞ്ഞു.

‘എന്നെ പലപ്പോളും രാജ്യസഭയിൽ സംസാരിക്കാൻ അനുവദിക്കാറില്ല. ഞാൻ ദളിതനായതുകൊണ്ടാണ് അങ്ങനെ എന്ന് പറയണോ? പാർലമെന്റിനകത്ത് ഇങ്ങനെയുള്ള പരാമർശങ്ങൾ നടത്തിക്കൊണ്ട് ജാതിയുടെ പേരിൽ പുറത്തുള്ള ആളുകളെ തമ്മിലടിപ്പിക്കരുത്,’ ഖാർഗെ പറഞ്ഞു.

ഭരണഘടനാപരമായ സ്ഥാനങ്ങൾ വഹിക്കുന്ന ആളുകൾ തങ്ങളുടെ ജാതിയെക്കുറിച്ച് സംസാരിക്കുമ്പോൾ അത് രാജ്യത്തിന് തന്നെ മോശമായ ദിവസമാണെന്ന് കോൺഗ്രസ്‌ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ പാർലമെന്റിന്റെ കോണിപ്പടിയിൽ പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധത്തിനിടെ തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി ജഗദീപ് ധന്കറിനെ അനുകരിച്ചിരുന്നു.

ബി.ജെ.പി ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മിമിക്രി ഒരു കലയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അത് ചെയ്തിട്ടുണ്ടെന്നും കല്യാൺ ബാനർജി തിരിച്ചടിച്ചു.

Content Highlight: Should I say I am not allowed to speak in Parliament because I am Dalit: Kharge

We use cookies to give you the best possible experience. Learn more