മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.സി.പി നേതാവ് അജിത് പവാറുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ ബി.ജെ.പി നീക്കത്തെ വിമര്‍ശിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഏക്‌നാഥ് ഖഡ്‌സെ.
ഏത് ഘട്ടത്തിലായാലും അജിത് പവാറിന്റെ പിന്തുണ ബി.ജെ.പി തേടാന്‍ പാടില്ലായിരുന്നുവെന്നും അത് തെറ്റായ നടപടിയായിപ്പോയെന്നുമാണ് ഖഡ്‌സെ പ്രതികരിച്ചത്.
”അജിത് പവാറിന്റെ പിന്തുണ ബി.ജെ.പി തേടാന്‍ പാടില്ലായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വന്‍കിട ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന വ്യക്തിയാണ് അദ്ദേഹം. നിരവധി കേസുകള്‍ അദ്ദേഹത്തിനെതിരെയുണ്ട്. അതിനാല്‍ തന്നെ ഞങ്ങള്‍ അദ്ദേഹവുമായി സഖ്യമുണ്ടാക്കാന്‍ പാടില്ലായിരുന്നു”. ‘- ഖഡ്‌സെ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്‍.സി.പി നേതൃത്വത്തെപ്പോലും ഞെട്ടിച്ചായിരുന്നു അജിത് പവാര്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കുകയും സര്‍ക്കാരുണ്ടാക്കാന്‍ ഫഡ്‌നാവിന് അവസരമൊരുക്കുകയും ചെയ്തത്.
ഇതിന് പിന്നാലെ തന്നെ അജിത് പവാറിനെതിരെ എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് അന്വേഷിക്കുന്ന ഒന്‍പത് കേസുകള്‍ ബി.ജെ.പി സര്‍ക്കാര്‍ പിന്‍വലിച്ചതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു 48 മണിക്കുറിനുള്ളില്‍ അഴിമതി വിരുദ്ധ ബ്യൂറോ അജിത് പവാറിനെതിരെയുള്ള അഴിമതിക്കേസുകളില്‍ തെളിവില്ലെന്ന് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. വാര്‍ത്തകള്‍ വന്നിരുന്നത്. ഈ നടപടിക്കെതിരെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ അജിത് പവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് അഴിമതി വിരുദ്ധ ബ്യൂറോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ഒന്‍പതു കേസുകള്‍ അവസാനിപ്പിച്ചുട്ടെണ്ടെന്നും എന്നാല്‍ അജിത് പവാറുമായി ബന്ധമില്ലാത്ത കേസുകളാണ് അവയെന്നുമായിരുന്നു ഇവരുടെ വിശദീകരണം.
അജിത് പവാര്‍ ഈ പറഞ്ഞ ഒന്‍പതു കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു മാത്രമേ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുള്ളു. അതിന്റെ അര്‍ത്ഥം അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്നല്ല എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.