D' Election 2019
അച്ഛന്‍ നേരത്തെ തന്നെ ബി.ജെ.പിയില്‍ നിന്ന് രാജിവെക്കണമായിരുന്നു, വളരെ വൈകിപ്പോയി: സൊനാക്ഷി സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 30, 03:23 am
Saturday, 30th March 2019, 8:53 am

ന്യൂദല്‍ഹി: ബി.ജെ.പി മുന്‍ എം.പി ശത്രുഘ്‌നന്‍ സിന്‍ഹയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ പിന്തുണച്ച് മകളും ബോളിവുഡ് താരവുമായ സൊനാക്ഷി സിന്‍ഹ. കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം അച്ഛന്റേതാണെന്ന് പറഞ്ഞ സൊനാക്ഷി ബി.ജെ.പിയില്‍ നിന്ന് കുറച്ച് മുമ്പ് തന്നെ അദ്ദേഹം രാജിവെക്കണമായിരുന്നുവെന്നും വൈകിയാണ് ചെയ്തതെന്നും പറഞ്ഞു.

ജെ.പി നാരായണ്‍, വാജ്‌പേയി, അദ്വാനി എന്നിവര്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ പിതാവിന് ബി.ജെ.പിയില്‍ വളരെ ആദരവ് ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഈ നേതൃനിരയ്ക്ക് ഇപ്പോള്‍ അര്‍ഹിക്കുന്ന ആദരവ് ലഭിക്കുന്നില്ലെന്നും സൊനാക്ഷി പറഞ്ഞു.

വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ബി.ജെ.പിയില്‍ നിന്നും രാജിവെക്കുകയാണെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പ്രഖ്യാപിച്ചിരുന്നു. വളരെ വേദനയോടെയാണ് താന്‍ ബി.ജെ.പി വിടുന്നതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞിരുന്നു.

ഏപ്രില്‍ ആറിന് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരും.

ബി.ജെ.പി നേതൃത്വത്തിനെതിരെ നിരന്തര വിമര്‍ശനം ഉയര്‍ത്തിയിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ തന്റെ സിറ്റിങ് സീറ്റായ പട്‌നാ സാഹിബ് മണ്ഡലത്തില്‍ ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെയാണ് ബി.ജെ.പി വിടുന്നത്.