| Friday, 3rd May 2019, 9:57 pm

പാമ്പുകളെ കൈയിലെടുത്ത പ്രിയങ്കാ ഗാന്ധിക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ തൊടുകയും കൈയിലെടുക്കുകയും ചെയ്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം.

അഭിഭാഷകയും ആക്ടിവിസ്റ്റുമായ ഗൗരി മൗലേഖിയാണ് പ്രിയങ്കക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യു.പി വൈല്‍ഡ്ലൈഫ് വാര്‍ഡന് കത്തയച്ചത്.

അനധികൃതമായി പിടികൂടിയ പാമ്പുകളെയാണ് പ്രിയങ്ക തൊട്ടതെന്നും അവരുടെ നടപടി പാമ്പുകളെ തൊടുന്നതിനും പിടികൂടുന്നതിനും മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്നും കത്തില്‍ ആരോപിക്കുന്നു.

പാമ്പുപിടിത്തം പ്രോത്സാഹിപ്പിച്ചാല്‍ രാജ്യത്തെ പാമ്പുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവും. ഈ സാഹചര്യത്തില്‍ പ്രിയങ്കാഗാന്ധിക്കും അവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടി എടുക്കണമെന്നാണ് അഭിഭാഷകയുടെ ആവശ്യം.

പ്രിയങ്ക നിയമം ലംഘിച്ചുവെന്ന് തെളിയിക്കാന്‍ പാമ്പിനെ തൊടുന്ന വീഡിയോകളും അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ഗൗരി പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

അതേസമയം, നെഹ്രുവിന്റെ പണ്ടത്തെ ഫോട്ടോയും പ്രിയങ്ക ഗാന്ധിയുടെ പാമ്പുകളുമൊത്തുള്ള വീഡിയോയും താരതമ്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രിയങ്കയെ പരിഹസിച്ചിരുന്നു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ ഭാര്യ ജാക്കി കെന്നഡി ഇന്ത്യയില്‍ വന്നപ്പോള്‍ എടുത്ത നെഹ്രുവുമായുള്ള ഒരു ചിത്രമാണ് മോദി ‘കുത്തിപൊക്കിയത്’.

ഒരു പാമ്പാട്ടി തന്റെ പാമ്പിനെ കളിപ്പിക്കുന്നതും അത് കണ്ടുനില്‍ക്കുന്ന നെഹ്രുവിനേയും ജാക്കിയേയും വിജയ് ലക്ഷ്മി പണ്ഡിറ്റിനേയും ആണ് ഫോട്ടോയില്‍ കാണുന്നത്. ഈ ഫോട്ടോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ, റായ് ബറേലിയില്‍ വെച്ച് പ്രിയങ്ക ഗാന്ധി പാമ്പിനെ എടുക്കുന്ന വീഡിയോയുമാണ് മോദി തമ്മില്‍ തമ്മില്‍ താരതമ്യം ചെയ്തത്.

നെഹ്റുവിന്റെ പിന്‍ഗാമികള്‍ രാജ്യം ഏറെ മുന്നോട്ട് സഞ്ചരിച്ച വിവരം അറിഞ്ഞിട്ടില്ലെന്നാണ് മോദി പരിഹസിച്ചത്.

We use cookies to give you the best possible experience. Learn more