ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് കത്ത്.
തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയില്‍ നിന്നു മാറ്റണമെന്ന് വി.എസ് അച്യുതാനന്ദന്‍.
ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് കത്ത്. കൊലക്കേസില്‍ പ്രതിയായ വ്യക്തി മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമാണെന്നും കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും വി.എസ് കത്തില്‍ പറയുന്നു.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയതോടെ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മണിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായിരുന്നു പാര്‍ട്ടിയുടെ നിലപാട്.
എം.എം മണിക്കെതിരെ അടിസ്ഥാനരഹിതമായ പ്രചാരണമാണ് നടക്കുന്നതെന്ന് സി.പി.ഐ.എം നിലപാടെടുത്തിരുന്നു. എം.എല്‍.എ ആയപ്പോള്‍ ഉണ്ടായിരുന്ന കേസാണ് ഇപ്പോഴുമുള്ളതെന്നും മന്ത്രിയായ ശേഷം പുതിയ കേസൊന്നും ഉണ്ടായിട്ടില്ലെന്നും പിന്നെന്തിനു മന്ത്രിസ്ഥാനം രാജി വെക്കണമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചിരുന്നു.
സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മണിക്ക് പിന്തുണ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മണിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള വി.എസിന്റെ കത്ത്.
അഞ്ചേരി ബേബി വധക്കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എം.എം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കഴിഞ്ഞ ദിവസം തൊടുപുഴ സെഷന്‍സ് കോടതി തള്ളിയിരുന്നു. എന്നാല്‍ വിധി വന്നതുകൊണ്ട് ഒരു രോമത്തിനു പോലും പ്രശ്നമില്ലെന്നായിരുന്നു എം.എം മണിയുടെ പ്രതികരണം.