|

ബിലാല്‍ അപ്ഡേറ്റ് വ്യാഴാഴ്ച പ്രതീക്ഷിക്കാമോ? പിറന്നാള്‍ നിറവില്‍ മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 72 ആം പിറന്നാളാണ് വ്യാഴാഴ്ച(സെപ്റ്റംബര്‍ 7). എല്ലാ വര്‍ഷത്തെയും പോലെ മമ്മൂട്ടി ആരാധകര്‍ ഇത്തവണയും വലിയ പരിപാടികളാണ് പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. മെഗാ രക്തദാന ക്യാമ്പ് ഉള്‍പ്പടെ വലിയ ആഘോഷ പരിപാടികള്‍ ആരാധകര്‍ നടത്തുന്നുണ്ട്.

എപ്പോഴത്തെയും പോലെ വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളുടെ അപ്ഡേറ്റും സിനിമാ പ്രേമികളും, മമ്മൂട്ടി ആരാധകരും പ്രതീക്ഷിക്കുന്ന ദിവസം കൂടിയാണ് സെപ്റ്റംബര്‍ 7.

റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ ട്രെയ്‌ലറും, രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഭ്രമയുഗത്തിന്റെ സ്പെഷ്യല്‍ പോസ്റ്ററും നാളെ പുറത്തുവിടുമെന്ന് ഇതിനോടകം തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

ഇതിനെല്ലാം പുറമെ നാളെ പുതിയ ഏതെങ്കിലും ചിത്രങ്ങള്‍ പ്രഖ്യാപികുമോ എന്ന കാത്തിരിപ്പിലാണ് സിനിമാ ലോകവും ആരാധകരും. മുമ്പ് പ്രഖ്യാപിച്ച മമ്മൂട്ടി, അമല്‍ നീരദ് ചിത്രം ബിലാലിന്റെ അപ്ഡേറ്റും നിരവധി പേര്‍ പ്രതീക്ഷിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ എല്ലാ പിറന്നാള്‍ ദിനത്തിലും ബിലാലിന്റെ അപ്ഡേറ്റ് ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കാറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി ദുല്‍ഖര്‍ സല്‍മാന്‍ അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുമെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു.

ഇത്തരത്തില്‍ എന്തെങ്കിലും പ്രഖ്യാപനങ്ങളും ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.
വമ്പന്‍ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനെല്ലാം സംബന്ധിച്ച് നടക്കുന്നത്.

അതേസമയം ഭ്രമയുഗം സ്പെഷ്യല്‍ പോസ്റ്റര്‍ നാളെ രാവിലെ 11 മണിക്ക് റിലീസ് ചെയ്യുമ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുക വൈകിട്ട് ആറുമണിക്കാണ്.

കണ്ണൂര്‍ സ്‌ക്വാഡിന്റെ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. റോണി വര്‍ഗീസ്, ശബരീഷ്, അസീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിങ് മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം. കാല്‍ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാതാവ് എസ്. ജോര്‍ജാണ്. മമ്മൂട്ടി കമ്പനിയുടെയും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെയും വേഫെയറര്‍ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്.

മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടന്‍ മാണി ഡേവിഡ് രാജും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തിരക്കഥ ഒരുക്കുന്ന മാണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മുഹമ്മദ് റാഫിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുശിന്‍ ശ്യാമാണ് സംഗീത സംവിധായകന്‍. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റര്‍.

Content Highlight: Should expect the update of bilal movie on Mammootty’s birthday discussion going on social media

Video Stories