ചാമ്പ്യൻസ് ലീഗ് കിരീടമെന്ന മോഹം വീണ്ടും ഉപേക്ഷിച്ച് മടങ്ങാനാണ് ഈ സീസണിലും പി.എസ്.ജിയുടെ വിധി.
ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ ഘട്ടത്തിലെ രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്ക് പി.എസ്.ജിയെ പരാജയപ്പെടുത്തിയതോടെയാണ് ക്ലബ്ബിന്റെ കന്നി ചാമ്പ്യൻസ് ലീഗ് കിരീട സ്വപ്നം വീണ്ടും തകർക്കപ്പെട്ടത്.
ഇതോടെ ആദ്യ പാദ മത്സരത്തിൽ ബയേണിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട പി.എസ്.ജിയുടെ മൊത്തം പരാജയമാർജിൻ 3-0 എന്ന തരത്തിലായി.
എന്നാൽ ഇത്തവണയും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് ആരാധകർ ക്ലബ്ബിനും താരങ്ങൾക്കും നേരെ ഉയർത്തുന്നത്.
മത്സരത്തിലുടനീളം മോശം പ്രകടനം കാഴ്ചവെച്ച ഫാബിയാൻ റൂയിസ്, മാക്രോ വെറാറ്റി, വിറ്റിന എന്നീ താരങ്ങൾക്കെതിരെയാണ് പ്രധാനമായും ആരാധകർ വിമർശനം ഉന്നയിക്കുന്നത്.
നെയ്മർ ഇല്ലാതെയിറങ്ങിയ പി.എസ്.ജി നിരയിൽ മെസി, എംബാപ്പെ മുതലായ സൂപ്പർ താരങ്ങൾ ഉൾപ്പെട്ടിരുന്നെങ്കിലും ഫ്രഞ്ച് ക്ലബ്ബിനായി കാര്യമായൊന്നും ചെയ്യാൻ ഇവർക്കായില്ല.
ആദ്യ പകുതി ഗോൾ രഹിതമായ മത്സരം 61 മിനിട്ട് പിന്നിട്ടപ്പോൾ എറിക് മാക്സിം ചൊപ്പോ മോട്ടിങും 89 മിനിട്ട് പിന്നിട്ടപ്പോൾ സെർജെ ഗ്നാഹബിയും നേടിയ ഗോളുകളിലാണ് മത്സരം ബയേൺ വിജയിച്ചത്.
ഇതിനെത്തുടർന്ന് ‘ഫാബിയൻ റൂയിസ്, വെറാട്ടി, വിറ്റിന, ഇവരെയൊക്കെ അൽ നസറിലേക്ക് കപ്പലിൽ കയറ്റി അയക്കണം’ ഫാബിയാൻ റൂയിസിനെപ്പോലെയുള്ള ഒരു മോശം ഫുട്ബോളറെ ഇതുവരെ കണ്ടിട്ടില്ല, തുടങ്ങിയ പരിഹാസങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.
പി.എസ്.ജിക്കായി ഇതുവരെ 27 മത്സരങ്ങളിൽ നിന്നും രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഫാബിയൻ റൂയിസ് സ്വന്തമാക്കിയത്.
അതേസമയം ലീഗ് വണ്ണിൽ 26 മത്സരങ്ങളിൽ നിന്നും 20 വിജയങ്ങളോടെ 63 പോയിന്റാണ് പി.എസ്.ജി സ്വന്തമാക്കിയത്.
മാർച്ച് 12ന് ബ്രെസ്റ്റ് എഫ്.സിക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:Should be shipped off to Al-Nassr asap fans roast psg players