ദല്‍ഹി: പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിയമനിര്‍മ്മാണത്തിലൂടെ നിരോധിക്കണമെന്ന് ശശി തരൂര്‍ എം.പി. ഇന്ത്യയിലെ ചേലാകര്‍മത്തിനിരകളായവരെ ഉള്‍പ്പെടുത്തി വിവിധ സംഘടനകള്‍ സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് “ദ ക്ളിപ്റ്റോറല്‍ ഹുഡ്-എ കണ്‍ടസ്റ്റഡ് സൈറ്റ്” പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ചേലാകര്‍മം കുറ്റകൃത്യമായി പ്രഖ്യാപിക്കണം. ഇതിന് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യമാണ്”.
ഐക്യരാഷ്ട്രസംഘടനയടക്കം ചേലാകര്‍മത്തിനെതിരേ നിലപാടെടുത്തത് കാണാതിരിക്കാനാകില്ല. ചേലാകര്‍മം ചെയ്യുന്നതില്‍നിന്ന് ഡോക്ടര്‍മാരെ വിലക്കാന്‍ വൈദ്യസമൂഹം തയ്യാറാകണമെന്നും ഇതിനായി മെഡിക്കല്‍ കൗണ്‍സിലും ഐ.എം.എ.യും മുന്‍കൈയെടുക്കണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ രാജ്യത്ത് ചേലാകര്‍മം നടക്കുന്നതായി ഔദ്യോഗിക വിവരങ്ങള്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ അടിസ്ഥാനമാക്കിയായിരുന്നു ഇത്.
എന്നാല്‍ ഇന്ത്യയില്‍ കുറ്റകരമല്ലാത്ത ചേലാകര്‍മം എങ്ങനെയാണ് ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകളില്‍ ഉള്‍പ്പെടുകയെന്ന് പഠനം നടത്തിയ “വീ സ്പീക്ക് ഔട്ട്” എന്ന സംഘടനയുടെ സ്ഥാപകയും ചേലാകര്‍മത്തിന്റെ ഇരയുമായ മസൂമ രണാല്‍വി ചോദിച്ചു.
മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 13 പ്രദേശങ്ങളിലാണ് പഠനം നടത്തിയത്. 83 സ്ത്രീകള്‍ ഉള്‍പ്പെടെ 94 പേര്‍ ഇതിന്റെ ഭാഗമായി. കാനഡ, യു.എസ്.എ., യു.എ.ഇ. എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെയും പഠനത്തിന്റെ ഭാഗമാക്കി.
കേരളത്തില്‍ ഒരു വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ചേലാകര്‍മം നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ആചാരത്തിന്റെ ഭാഗമാണെങ്കില്‍ കേരളത്തില്‍ ചില പ്രത്യേക കുടുംബങ്ങളില്‍മാത്രമാണ് ചേലാകര്‍മം നടക്കുന്നത്. വടക്കന്‍ ജില്ലകളിലും എറണാകുളത്തുമാണ് പഠനം നടത്തിയത്.
മതാചാരമെന്ന നിലയ്ക്കോ പുരോഹിതന്റെ നിര്‍ദേശാനുസരണമോ ആണ് പലരും ചേലാകര്‍മം ചെയ്യുന്നത്. സ്ത്രീകളുടെ ലൈംഗികജീവിതം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയും ചേലാകര്‍മം ചെയ്യുന്നുണ്ടെന്ന് പഠനത്തെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടുമായി മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് സംഘടനകള്‍.