| Tuesday, 21st October 2014, 7:29 pm

വിശുദ്ധ ഗ്രന്ഥങ്ങളുടെ നിരര്‍ത്ഥകത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു വചനം ശ്രുതിയായിത്തീരുന്നത്  വചനം നമ്മുടെ ഹൃദയത്തില്‍ ശാശ്വതമായ സമാധാനം നിറയ്ക്കുമ്പോഴാണ്. അങ്ങനെ ഒരു പരിവര്‍ത്തനം, സമാധാനം നമ്മില്‍ സംഭവിപ്പിക്കാന്‍ കഴിയാത്തിടത്തോളം ഭഗവദ്ഗീതയായാലും ഉപനിഷത്തായാലും ബൈബിളായാലും വിശുദ്ധ ഖുര്‍ആനായാലും ധമ്മപദമായാലും നിരര്‍ത്ഥകമായ അക്ഷരങ്ങളുടെ കൂമ്പാരവും ഓര്‍മ്മകളില്‍ മൃതശരീരങ്ങളായി ചേക്കേറുന്ന വെറും വാക്കുകളും മാത്രമാണ്.


ഭൂമാനികേതന്‍ ആശ്രമം

ജനങ്ങള്‍ക്കിടയിലൂടെ പ്രത്യേകിച്ചുലക്ഷ്യമൊന്നുമില്ലാതെ നടക്കുന്നതിനിടയില്‍ കാണുന്ന ആശ്രമങ്ങളിലെല്ലാം കയറും. അവിടുത്തെ സ്വാമിമാരോടു സംസാരിക്കാന്‍ അവസരം കിട്ടിയാല്‍ വിശ്വാസ പ്രമാണങ്ങളും സാധനാരീതിയുമെല്ലാം ചോദിച്ചറിയും. മലയാളികളായ ഹിമാലയന്‍ യാത്രക്കാര്‍ക്കെല്ലാം ആശ്വാസമായ അയ്യപ്പാശ്രമത്തെക്കുറിച്ച് കേട്ടെങ്കിലും മടക്കയാത്രയിലേ അവിടെ കയറാനായുള്ളൂ. ഞങ്ങള്‍ താമസിച്ചിരുന്ന ആശ്രമത്തിനു തൊട്ടുള്ള ആശ്രമത്തിലെ അധിപനായ മലയാളിസ്വാമിയെ കാണാനും ആശ്രമത്തില്‍നിന്നും ഉച്ചഭിക്ഷ സ്വീകരിക്കാനും കഴിഞ്ഞു. ഹരിദ്വാറിന്റെയും ഹിമാലയത്തിന്റെയും പവിത്രതയെക്കുറിച്ച് വിശദമായ ഒരു പ്രഭാഷണംതന്നെ അദ്ദേഹം നടത്തി. ഞാനും കുറച്ചില്ല. ഗായത്രിയുടെ സഹായമില്ലാതെ സംസാരിക്കാന്‍ കിട്ടിയ അവസരമാണ്. പരമാവധി ഉപയോഗിക്കുക തന്നെചെയ്തു. ഞാനങ്ങനെ കത്തിക്കയറുന്നതു കണ്ടപ്പോള്‍ “മതി, ഇനി പോകാം” എന്ന് ഗായത്രി ചെവിയില്‍ മന്ത്രിച്ചു.

ഞങ്ങള്‍ ഭൂമാനികേതന്‍ ആശ്രമത്തിലും എത്തി. ചെറിയൊരു മുറിയില്‍ പത്തിഞ്ച് ഉയരം വരുന്ന മരപ്പലകയില്‍ തുണിവിരിച്ച് തടിച്ചു വെളുത്തു നരച്ച സുന്ദരനായ ഒരു സ്വാമി ഇരുന്ന് എന്തോ വായിക്കുന്നു. അദ്ദേഹത്തിന്റെയടുത്ത് കാവിധാരികളായ മദ്ധ്യവയസ്സു കഴിഞ്ഞ നാലു സന്യാസിമാര്‍ സ്വാതന്ത്ര്യത്തോടെ ചോദ്യങ്ങള്‍ ചോദിച്ചും തമാശ പറഞ്ഞും ഇരിക്കുന്നു.

എന്റെ ഗുരു, നിന്റെ ഗുരു, ഞങ്ങളുടെ ഗുരു എന്നൊന്നുമില്ല. ഉള്ളില്‍ വെളിച്ചമുള്ളവനാണ് ഗുരു. അവന്‍ ആരുടേതുമല്ല. ഏവരുടേതുമാണുതാനും

ഞങ്ങള്‍ അദ്ദേഹത്തെ നമസ്‌ക്കരിച്ചു. വലതു ഭാഗത്തേക്കു കൈചൂണ്ടി ചിരിച്ചുകൊണ്ട് ഇരിക്കാമെന്ന് ആംഗ്യം കാണിച്ചു. മാണ്ഡൂക്യോപനിഷത്തു വായിച്ച് വിശദീകരിച്ചു കൊടുക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ കയറിവന്ന് ഞങ്ങളുടെ അടുത്തിരുന്നു. അല്പസമയം കഴിഞ്ഞ് അദ്ദേഹം വായന നിറുത്തി ഞങ്ങളോടു പറഞ്ഞു: ഞങ്ങള്‍ മാണ്ഡൂക്യോപനിഷത്താണ് വായിക്കുന്നതു്. ദശോപനിഷത്തുകള്‍ വായിച്ചു പഠിക്കാന്‍ അവസരമില്ലെങ്കില്‍ മാണ്ഡൂക്യമെങ്കിലും വായിക്കണമെന്നു ജ്ഞാനികള്‍ പറയാറുണ്ട്. ഓംകാരപ്പൊരുളിന്റെ വിശദീകരണമാണ് ഈ ഉപനിഷത്തില്‍ പ്രതിപാദിക്കുന്നത്.

അദ്ദേഹം സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കൊപ്പമിരുന്നിരുന്ന സ്ത്രീ ചോദിച്ചു: മൂര്‍ത്തിപൂജയെക്കുറിച്ചു് അങ്ങയുടെ അഭിപ്രായമെന്താണ്? ഞങ്ങളുടെ ഗുരു മൂര്‍ത്തിപൂജയെ അംഗീകരിക്കുന്നില്ല.

സൗമ്യമായി അദ്ദേഹം പറഞ്ഞു: എന്റെ ഗുരു, നിന്റെ ഗുരു, ഞങ്ങളുടെ ഗുരു എന്നൊന്നുമില്ല. ഉള്ളില്‍ വെളിച്ചമുള്ളവനാണ് ഗുരു. അവന്‍ ആരുടേതുമല്ല. ഏവരുടേതുമാണുതാനും. പിന്നെ മൂര്‍ത്തി. നിങ്ങളും ഗുരുവും എല്ലാം മൂര്‍ത്തികള്‍ തന്നെയല്ലേ? ഒരാള്‍ വേറൊരാളെ സ്നേഹിക്കുമ്പോള്‍ ഒരര്‍ത്ഥത്തില്‍ അതു മൂര്‍ത്തിപൂജ തന്നെയാണ്. മൂര്‍ത്തമാണോ അമൂര്‍ത്തമാണോ എന്നതൊന്നുമല്ല വിഷയം. ഉള്ളില്‍ സംഭവിക്കുന്ന അല്ലെങ്കില്‍ സംഭവിക്കേണ്ട പരിവര്‍ത്തനമാണ് പ്രധാനം. ആര്‍ക്കും ദോഷമില്ലാത്ത, അന്ധകാരത്തിലേക്കു നയിക്കാത്ത ഏതു മാര്‍ഗ്ഗവും നിങ്ങള്‍ സ്വീകരിച്ചോളൂ. ഞാന്‍ മാത്രമാണ് ശരി, മറ്റെല്ലാവരും തെറ്റാണ് എന്നു പറയാതിരുന്നാല്‍ മതി.

എത്ര ശാന്തമായാണ് അദ്ദേഹം സംസാരിക്കുന്നത്. വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ് എന്ന നാരായണഗുരുവിന്റെ ജീവിതദര്‍ശനം നേരിട്ടനുഭവിക്കാന്‍ ഒരവസരം കിട്ടിയതില്‍ അതിയായ സന്തോഷം തോന്നി. അദ്ദേഹം ചോദിച്ചു: ഇപ്പോള്‍ വൃന്ദാവനത്തില്‍നിന്നും ഒരു സ്വാമി വരും. ഭഗവദ്ഗീത വായിക്കും. അതു കേട്ടിട്ട് പോയാല്‍ മതിയല്ലോ?

ഞങ്ങള്‍ സമ്മതഭാവത്തില്‍ തലയാട്ടി. വെളുത്തു സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ തുണിയില്‍ പൊതിഞ്ഞ ഒരു വലിയ പുസ്തകവുമായി കയറിവന്നു. വന്നപാടെ അദ്ദേഹം ഗുരുവിനെ നമസ്‌കരിച്ചു. പുസ്തകം പുറത്തെടുത്ത് തുടര്‍ന്നു വായിക്കേണ്ട ഭാഗം ഗുരുവിന്റെ കൈയില്‍ കൊടുത്തു.

ഗുരു ശിഷ്യനോട് ആശ്രമത്തിലെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അവിടെ ഇരുന്നിരുന്ന ഒരു സ്വാമി ചിരിച്ചുകൊണ്ടു പറഞ്ഞു: വൃന്ദാവനത്തിലെ കൃഷ്ണന്‍ അത്ര ശരിയായിരുന്നില്ല. അവിടെ ഇപ്പോള്‍ കഴിയുന്ന സ്വാമിമാരും അത്ര ശരിയല്ലെന്നാണ് കേള്‍ക്കുന്നത്. അതുകേട്ട് എല്ലാവരും ചിരിച്ചു. ഞാനൊഴികെ. എനിക്ക് ഹിന്ദി അറിയില്ല. ഗായത്രി എനിക്കു പറഞ്ഞു തന്നപ്പോഴേക്കും എല്ലാവരും ചിരിച്ചു കഴിഞ്ഞിരുന്നു. അതീവ വിനയത്തോടെ സുന്ദരസ്വാമി പറഞ്ഞു: അങ്ങനെയൊന്നുമില്ലേ…

ലക്ഷേശ്വരാശ്രം മഹാരാജ് ഭഗവദ്ഗീതയിലെ ശ്ലോകവും അര്‍ത്ഥവും വിശദീകരണവും വായിക്കാന്‍ തുടങ്ങി. എല്ലാവരും കണ്ണടച്ച് ശ്രദ്ധയോടെ കേട്ടിരുന്നു. പതിനെട്ടാം അദ്ധ്യായത്തിലെ 64, 65, 66 മന്ത്രങ്ങളാണു് വായിച്ചത്. ഭഗവദ്ഗീതയുടെ സാരസംഗ്രഹമെന്നോ പരമോപദേശമെന്നോ പറയാവുന്ന ഈ മന്ത്രങ്ങള്‍തന്നെ ആ ഗുരുവിന്റെ തിരുമുഖത്തുനിന്നും വായിച്ചു കേള്‍ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം തോന്നി.

എല്ലാ രഹസ്യങ്ങളിലുംവെച്ച് രഹസ്യമായ എന്റെ ഉല്‍കൃഷ്ടമായ വാക്കിനെ പിന്നെയും നീ കേട്ടാലും. നീ എനിക്ക് നിശ്ചയമായും ഇഷ്ടനാകുന്നു എന്നതു കൊണ്ട് നിന്റെ ഹിതത്തെ ഞാന്‍ പറയുന്നുണ്ട്.

എന്നില്‍ മനസ്സുള്ളവനായി നീ ഭവിക്കുക. എന്റെ ഭക്തനാകുക. എന്നെ ഉദ്ദേശിച്ച് യജിക്കുന്നവനാകുക. എന്നെ നമസ്‌ക്കരിച്ചാലും. എന്നെത്തന്നെ നീ പ്രാപിക്കും. സത്യമായിട്ടും നിന്നോടു ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. നീ എനിക്ക് പ്രിയനാകുന്നു.

നീ എല്ലാ ധര്‍മ്മങ്ങളെയും ഉപേക്ഷിച്ച് ഏകനായ എന്നെ ശരണമായി പ്രാപിച്ചാലും. ഞാന്‍ നിന്നെ എല്ലാ പാപങ്ങളില്‍നിന്നും വിടുവിക്കും. ദുഃഖിക്കരുത്.

വായന കഴിഞ്ഞ് അദ്ദേഹം പുസ്തകം സ്വാമിയുടെ കൈയില്‍ കൊടുത്തു. അദ്ദേഹം അതു ഭക്തിയോടെ വാങ്ങി കണ്ണില്‍തൊട്ടു നമസ്‌ക്കരിച്ച് തുണിയില്‍ പൊതിഞ്ഞു സഞ്ചിയിലിട്ടു. പ്രസാദമായി അദ്ദേഹം ഞങ്ങള്‍ക്കെല്ലാം പഴംതന്നു. ആരെന്നോ എവിടെനിന്നു വരുന്നെന്നോ ഒന്നും ചോദിച്ചില്ല. ധന്യത നിറഞ്ഞ ആ സാന്നിദ്ധ്യം വിട്ടെഴുന്നേല്ക്കാന്‍ തോന്നിയില്ലെങ്കിലും മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ പുറത്തിറങ്ങി.

ശ്രുതിയും സ്മൃതിയും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാകുന്നു. പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ഗായത്രിയോടു പറഞ്ഞു.

മനസ്സിലായില്ല.

ഗായത്രീ, വൃന്ദാവനത്തില്‍നിന്നുംവന്ന സ്വാമി കൊണ്ടുവന്ന പുസ്തകം അതേപടി വായിച്ചു എന്നല്ലാതെ ഒരു വാക്കുപോലും മഹാരാജ് പറഞ്ഞില്ല. എന്നാല്‍പിന്നെ ആ സ്വാമിക്ക് ഭഗവദ്ഗീത സ്വന്തം മുറിയിലിരുന്നു വായിച്ചാല്‍ പോരേ? എന്തിന് ഇത്രയും ദൂരം വരണം.

ശ്രുതിയെന്നാല്‍ എന്തെന്നു ചോദിച്ചാല്‍ നാം ഉപനിഷത്തുകള്‍, ഭഗവദ്ഗീത, ബ്രഹ്മസൂത്രം എന്നൊക്കെ പറയും. ഇവയൊന്നും ശ്രുതികളോ സ്മൃതികളോ അല്ല. വെറും നിരര്‍ത്ഥകമായ വാക്കുകള്‍ മാത്രമാണ്.

ഒരു വചനം ശ്രുതിയായിത്തീരുന്നത് വചനം നമ്മുടെ ഹൃദയത്തില്‍ ശാശ്വതമായ സമാധാനം നിറയ്ക്കുമ്പോഴാണ്. അങ്ങനെ ഒരു പരിവര്‍ത്തനം, സമാധാനം നമ്മില്‍ സംഭവിപ്പിക്കാന്‍ കഴിയാത്തിടത്തോളം ഭഗവദ്ഗീതയായാലും ഉപനിഷത്തായാലും ബൈബിളായാലും വിശുദ്ധ ഖുര്‍ആനായാലും ധമ്മപദമായാലും നിരര്‍ത്ഥകമായ അക്ഷരങ്ങളുടെ കൂമ്പാരവും ഓര്‍മ്മകളില്‍ മൃതശരീരങ്ങളായി ചേക്കേറുന്ന വെറും വാക്കുകളും മാത്രമാണ്.

അനുഭവിയായ ഗുരുവിന്റെ തിരുവധരങ്ങളില്‍നിന്നും ഗീതാശ്ലോകവും അര്‍ത്ഥവും ഒഴുകി വരുമ്പോള്‍ വിനയാന്വിതനായി, തുറന്ന ഹൃദയത്തോടെ ഇരിക്കുന്ന ശിഷ്യന്റെ ഉള്ളില്‍ പൂര്‍ണ്ണഭാവത്തോടെ മന്ത്രാര്‍ത്ഥം നിറയുന്നു. സ്വന്തം മുറിയിലിരുന്ന് അവനതുരുവിടുമ്പോള്‍ പലപ്പോഴും അത് അധരവ്യായാമം മാത്രമായി മാറുന്നു. ഇവിടെ അനുഭവത്തിന്റെ, വാക്ക് ഉള്ളില്‍ നിറയ്ക്കുന്ന അദൈ്വതാനുഭൂതിയുടെ, മാനദണ്ഡംവെച്ചു വേണം ശ്രുതിയും സ്മൃതിയും നാം വേര്‍തിരിച്ചറിയാന്‍.

ശ്രദ്ധാലുവായ ഒരുവന് ഓരോ ശ്വാസത്തിലും ഋഷിസാന്നിദ്ധ്യം അനുഭവിക്കാനാകുന്ന ഈ പുണ്യദേശത്തിലിരുന്ന് അറിവിന്റെ പ്രത്യക്ഷരൂപംപോലെയുള്ള ഈ മനുഷ്യന്‍ ഭഗവദ്ഗീത വായിക്കുമ്പോള്‍ എത്രയോ പ്രാവശ്യം വായിച്ചിട്ടുള്ള ആ മന്ത്രങ്ങള്‍ എന്തുകൊണ്ടാണ് നമുക്ക് ഇത്രയും ആഴത്തില്‍ അനുഭവിക്കാനായത്. വാക്കോ അര്‍ത്ഥമോ അല്ല; അദ്ദേഹത്തിന്റെ ആത്മാംശമാണ് ആ സ്വരത്തിലൂടെ ഒഴുകിവന്നത്. അതാണ് ശ്രുതി. നിത്യനിരന്തരമായ സ്വാദ്ധ്യായത്തിലൂടെ താന്‍തന്നെയായി മാറിയ മന്ത്രാനുഭൂതിയെ അദ്ദേഹം നിശ്വസിക്കുമ്പോള്‍ നാം ആ വാക്കുകള്‍ ശ്രവിക്കുകയല്ല. മറിച്ച് വാക്കിലെ സുഗന്ധാമൃതം പാനം ചെയ്യുകയാണ്.

ഹരിദ്വാറിലെ താമസത്തിനിടയില്‍ പോകാനിടയായ മറ്റിടങ്ങളാണ് മാനസാദേവിക്ഷേത്രവും ചണ്ഡീദേവിക്ഷേത്രവും മായാദേവിക്ഷേത്രവും. അതിപുരാതനമായ ഈ ക്ഷേത്രങ്ങള്‍ മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഹരിദ്വാറിലെ റിക്ഷകളില്‍നിന്നും തീര്‍ത്ഥാടക ബഹളങ്ങളില്‍നിന്നും ഇത്തിരിനേരം ഒഴിഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓടിയെത്താവുന്ന ശാന്തിസ്ഥാനങ്ങള്‍. കുറെ സമയം ഞങ്ങളവിടെ ചിലവഴിച്ചു. അനേകം തപസ്വികള്‍ അവരുടെ ധ്യാനത്തിനായി ഈ സ്ഥലം ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ വെറുതെ ഇരുന്നാല്‍തന്നെ അതെത്ര ആനന്ദകരമായ ധ്യാനമാണ്.

തുടരും…

We use cookies to give you the best possible experience. Learn more