| Friday, 19th June 2015, 3:01 am

ആ അറിവിലേക്കുള്ള ചവിട്ടുപടിയാണ് നോമ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എല്ലാ ഓളങ്ങളും അടങ്ങി അകം ശാന്തമാകുമ്പോള്‍ അനുഭവിക്കാന്‍ കഴിയുന്ന ഒരു നന്മയുണ്ട്. അവിടെയാണ് ദൈവാനുഭവത്തിന്റെ മഹിമ നാം അറിയുക. ആ അറിവിലേക്കുള്ള ചവിട്ടുപടി തന്നെയാണ് നോമ്പ്.


ഫോട്ടോ കടപ്പാട്: മൈത്രേയന്‍


ഷൗക്കത്ത്‌

നമ്മുടെ ഉണ്മയോട് അടുത്തിരിക്കാന്‍ ശാരീരികവും മാനസികവും ബൗദ്ധികവുമായ ഒഴിവുകള്‍ ഏറെ സഹായിക്കും. സാത്വികമായ ഒരു ബോധാകാശത്തെ അതു അനുഗ്രഹമായി നല്‍കും. എല്ലാ തരത്തിലുള്ള ഉപവാസവും അതിനായി തന്നെയാണ് ഉണ്ടായിട്ടുള്ളത്.

പ്രാര്‍ത്ഥനാന്വിതമായ ഹൃദയത്തോടെ നോമ്പിന്റെ നിമിഷങ്ങളനുഭവിക്കുന്ന ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെയും നന്മയുടെ പൂക്കള്‍ വിരിഞ്ഞുവരട്ടെ. വിഭാഗീയതയുടെ മുള്‍മുനകള്‍ കൊണ്ട് മുറിവേറ്റ ഹൃദയങ്ങളെല്ലാം ഏകതയുടെ കാഴ്ചയില്‍ ശാന്തിയനുഭവിക്കട്ടെ…

എല്ലാ ഓളങ്ങളും അടങ്ങി അകം ശാന്തമാകുമ്പോള്‍ അനുഭവിക്കാന്‍ കഴിയുന്ന ഒരു നന്മയുണ്ട്. അവിടെയാണ് ദൈവാനുഭവത്തിന്റെ മഹിമ നാം അറിയുക. ആ അറിവിലേക്കുള്ള ചവിട്ടുപടി തന്നെയാണ് നോമ്പ്.

നോമ്പുകാലത്ത് പള്ളിയില്‍ മൗനമായി ചിലവിട്ട നിമിഷങ്ങള്‍ ഓര്‍മ്മയില്‍ നിറയുന്നു. എത്ര ശാന്തമായിരുന്നു അപ്പോള്‍… അങ്ങിങ്ങായി ഖുര്‍ആന്‍ പാരായണം ചെയ്തും വിശ്രമിച്ചും ദിക്‌റ് ചൊല്ലിയും മൗനമായും ജീവിതത്തിന്റെ തിരക്കുകളില്‍നിന്നുമൊഴിഞ്ഞിരിക്കുന്ന ആളുകള്‍. പരസ്പരം ഒന്നും മിണ്ടാതെ മിണ്ടിയിരിക്കുന്നവര്‍. ആ മൗനം പകര്‍ന്നു തരുന്ന ഒരു വലിയ അറിവുണ്ട്. ആ അറിവില്‍ സ്‌നേഹമേയുള്ളൂ. നന്മയേയുള്ളൂ. ആ നന്മയാണ് നാമിനി ഇതുപോലുള്ള ദിവസങ്ങളിലൂടെ തിരിച്ചു പിടിക്കേണ്ടത്.

മതം അതിന്റെ ആവേശത്തിന് അടിപ്പെടുമ്പോള്‍ നഷ്ടപ്പെട്ടുപോകുന്ന മൗനത്തെ തിരിച്ചുപിടിക്കാനും അതു ജീവിതവഴിക്കുള്ള വെളിച്ചമാക്കാനും നോമ്പുകാലങ്ങള്‍ പ്രചോദനമായെങ്കില്‍ എന്ന പ്രാര്‍ത്ഥനയോടെ…….

We use cookies to give you the best possible experience. Learn more