ഹോളിവുഡ് സിനിമാപ്രേമികളുടെ കാത്തിരിപ്പിന് അവസാനമിട്ടുകൊണ്ട് ഡി.സിയുടെ ചിത്രം ജോക്കറിന്റെ പുതിയ ഭാഗത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്തിരുന്നു. 2019ല്‍ പുറത്തിറങ്ങി കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആര്‍തറിനോടൊപ്പം ഹാര്‍ലി ക്വീനും ചിത്രത്തിലുണ്ട്. ആര്‍തറായി വോക്കിന്‍ ഫീനിക്‌സും ഹാര്‍ലി ക്വീനായി ലേഡി ഗാഗയുമാണ് ചിത്രത്തില്‍.
ട്രെയ്‌ലറില്‍ സിനിമാപ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ച ഷോട്ടാണ് അവസാനഭാഗത്ത് ആര്‍തറിന്റെ ചിരി. ഒരു ഗ്ലാസില്‍ വരച്ച ജോക്കര്‍ ചിരിയിലേക്ക് കണ്ണാടിയുടെ അപ്പുറത്തുള്ള ആര്‍തറിന്റെ മുഖം ചേരുന്ന ഷോട്ട്. ഈയടുത്ത് ഒരു ലോകസിനിമയില്‍ കണ്ട ഏറ്റവും മികച്ച ഷോട്ടുകളിലൊന്നെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്.
എന്നാല്‍ ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കമല്‍ ഹാസന്റെ പഴയ ചിത്രം ആളവന്താനിലെ ഷോട്ട് ചര്‍ച്ചയാവുകയാണ്. കമലിന്റെ നന്ദു എന്ന കഥാപാത്രം കരയുമ്പോള്‍ അതിന്റെ റിഫ്‌ളക്ഷന്‍ ചുമരിലെ കരയുന്ന ജോക്കറിന്റെ ചിത്രത്തിലേക്ക് സന്നിവേശിപ്പിക്കുന്ന രംഗമുണ്ട്. ഇതും ജോക്കറും തമ്മിലാണ് സമൂഹ മാധ്യമങ്ങളില്‍ താരതമ്യം ചെയ്യുന്നത്.
എന്നാല്‍ ആദ്യമായല്ല ഒരു കമല്‍ ഹാസന്‍ ചിത്രത്തെ ഹോളിവുഡ് സിനിമകളുമായി താരതമ്യം ചെയ്യുന്നത്. ലോകപ്രശസ്ത സംവിധായകന്‍ ക്വിന്റണ്‍ ടാറന്റിനോയുടെ കില്‍ ബില്ലിലെ ആനിമേഷന്‍ സീക്വന്‍സുകള്‍ക്ക് പ്രചോദനവും ആളവന്താനിലെ ആനിമേഷന്‍ സീക്വന്‍സുകളായിരുന്നു. വയലന്‍സിന്റെ ഇന്റന്‍സിറ്റി കുറച്ചുകാണിക്കാന്‍ വേണ്ടിയാണ് ഇത്തരം ആനിമേഷന്‍ സീക്വന്‍സുകള്‍ വെക്കുന്നത്.
ആളവന്താനിലെ ലിഫ്റ്റ് സീനും ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഇന്‍സെപ്ഷനിലെ ഡ്രീം ലിഫ്റ്റ് സീനും തമ്മിലും താരതമ്യം നടന്നിരുന്നു. ലോകസിനിമക്ക് മുന്നില്‍ എന്നും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കമല്‍ ഹാസന്‍ മാത്രമേയുള്ളൂ എന്നാണ് ആരാധകരുടെ വാദം.
Content Highlight: Shots of Joker 2 and Aalavandhaan comparing in social media