| Sunday, 14th July 2024, 7:55 am

തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ട്രംപിന് നേരെ വെടിവെപ്പ്; അക്രമിയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്ക് നേരെ വെടിവെപ്പ്. അദ്ദേഹത്തിന്റെ വലത് ചെവിക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പെന്‍സില്‍വാലിയയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ വൈകിട്ട് ആറ് മണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്.

സംഭവത്തില്‍ അക്രമിയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേന തന്നെയാണ് അക്രമിയെ കൊലപ്പെടുത്തിയത്.

വേദിയില്‍ ട്രംപ് പ്രസംഗിക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രസംഗിക്കുന്നതിനിടെ വെടിയൊച്ച ഉണ്ടാകുന്നതും പിന്നാലെ ട്രംപ് താഴെ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെ അദ്ദേഹത്തിന്റെ വലത് ചെവിയില്‍ നിന്ന് രക്തം ഒഴുകുന്നതും കാണാം.

സംഭവം നടന്ന ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വേദിയില്‍ നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍ വെടിയേറ്റത് കൊണ്ടാണോ ചെവിയില്‍ നിന്ന് രക്തം വന്നതെന്നോ, അല്ലെങ്കില്‍ താഴെ വീണപ്പോള്‍ പരിക്കുപറ്റിയതാണെന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ട്രംപ് ഇപ്പോള്‍ തീര്‍ത്തും ആരോഗ്യവാനാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ അദ്ദേഹത്തിന് വെടിയേറ്റോ എന്ന് ഇപ്പോഴും ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ വധ ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അദ്ദേഹത്തെ വേദിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ വേദിക്ക് ചുറ്റും കൂടി നിന്ന വരെ നോക്കി ഫൈറ്റ്, ഫൈറ്റ് എന്ന് ട്രംപ് ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. കാണികള്‍ തിരിച്ച് യു.എസ്, യു.എസ് എന്ന് വിളിച്ച് പറയുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തിന് പിന്നാലെ താന്‍ സുരക്ഷിതാനാണെന്ന് പറഞ്ഞുകൊണ്ട് ട്രംപ് തന്നെ രംഗത്തെത്തി. എക്‌സിലൂടെയയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ സുരക്ഷിതമായി പെട്ടെന്ന് തന്നെ പുറത്തെത്തിച്ച സുരക്ഷാ സേനയ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. എന്റെ വലത് ചെവിയിലൂടെ വെടിയുണ്ട തുളഞ്ഞ് കയറിയെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.

സംഭവത്തെ അപലപിച്ചുകൊണ്ട് പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി. രാജ്യം ഒന്നടങ്കം ഈ സംഭവത്തെ അപലപിക്കുന്നു എന്നാണ് ബൈഡണ്‍ എക്‌സില്‍ കുറിച്ചത്. കൂടുതൽ കാര്യങ്ങൾ അറിയാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സീക്രട്ട് സര്‍വീസ് ഏജന്റ് ഡയറക്ടറെ ഇപ്പോള്‍ സര്‍ക്കാര്‍ കൂടിക്കാഴ്ചക്ക് വേണ്ടി വിളിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Shots fired at Trump during election campaign

We use cookies to give you the best possible experience. Learn more