| Thursday, 4th January 2024, 10:22 pm

ഒന്നര ദിവസം കൊണ്ട് വല്ലാത്തൊരു ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. 36.5 ഓവറില്‍ 176 റണ്‍സിനാണ് പ്രോട്ടിയാസ് രണ്ടാം ഇന്നിങ്സില്‍ നിലം പതിച്ചത്. ഇതോടെ 78 റണ്‍സിന്റെ ലീഡ് മാത്രമാണ് സൗത്ത് ആഫ്രിക്കക്ക് നേടാന്‍ സാധിച്ചത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു ചരിത്രം കൂടെ കുറിക്കപ്പട്ടിരിക്കുകയാണ്. ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റായിരുന്നു ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ നടന്നത്. അഞ്ച് ദിവസം കൊണ്ട് തീരേണ്ട മത്സരം വെറും ഒന്നര ദിവസം കൊണ്ടാണ് തീര്‍ന്നത്.

കഴിഞ്ഞ 147 വര്‍ഷത്തെ ടെസ്റ്റില്‍ ചരിത്രത്തില്‍ പിറന്ന ഏറ്റവും ചെറിയ ടെസ്റ്റ് മത്സരമാണിത്. ഇരുടീമുകളും തമ്മിലുള്ള രണ്ടാം ടെസ്റ്റ് വെറും 107 ഓവറില്‍ പൂര്‍ത്തിയായി. എന്നുവെച്ചാല്‍ വെറും 642 പന്തില്‍ കളി അവസാനിച്ചു. കേപ്ടൗണില്‍ നടന്ന ടെസ്റ്റില്‍ പ്രോട്ടീസിനെതിരെ ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പര 1-1ന് സമനിലയിലാക്കി. 2021ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് വെറും 842 പന്തില്‍ പൂര്‍ത്തിയാക്കിയതാണ് ഇന്ത്യയുടെ ഇതിനു മുമ്പുള്ള ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റ്.

രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങയ സൗത്ത് ആഫ്രിക്കക്കെതിരെ ജസ്പ്രിത് ബുംറ ആഞ്ഞടിക്കുകയായിരുന്നു. 13.5 ഓവറില്‍ 61 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് താരം നേടിയത്. ഇന്ത്യയുടെ ബൗളിങ് അക്രമണത്തെ പ്രതിരോധിക്കാന്‍ ഓപ്പണര്‍ ഏയ്ഡണ്‍ മാര്‍ക്രമിന് മാത്രമാണ് കഴിഞ്ഞത്. 103 പന്തില്‍ നിന്ന് 17 ബൗണ്ടറിയും രണ്ട് സിക്സറുകളുമടക്കം 106 റണ്‍സാണ് താരം നേടിയത്. ഇതോടെ കേപ് ടൗണില്‍ മാര്‍ക്രം ഇന്ത്യക്കെതിരെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് കുറിച്ചിരിക്കുന്നത്.

ടെസ്റ്റില്‍ നിന്ന് വിടവാങ്ങാനൊരുങ്ങുന്ന ഡീന്‍ എല്‍ഗര്‍ 28 പന്തില്‍ നിന്നും 12 റണ്‍സ് മാത്രമാണ് നേടിയത്. പ്രോട്ടിയാസിന്റെ നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ബുംറക്ക് പുറമെ മുഹമ്മദ് സിറാജിനും പ്രസീദ് കൃഷ്ണക്കും ഓരോ വിക്കറ്റ് നേടാന്‍ സാധിച്ചപ്പോള്‍ മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകളും നേടി. ആദ്യ ടെസ്റ്റില്‍ മുകേഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കുവേണ്ടി യശ്വസി ജയ്‌സ്വാള്‍ 23 പന്തില്‍ നിന്നും 28 റണ്‍സ് നേടി ടീമിന് മികച്ച സംഭാവന നല്‍കി. നാന്ദ്രെ ബര്‍ഗര്‍ ആണ് താരത്തിന്റെ വിക്കറ്റ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്താക്കാതെ 22 പന്തില്‍ 17 റണ്‍സ് നേടിയപ്പോള്‍ ശുഭ്മന്‍ ഗില്‍ 11 പന്തില്‍ നിന്ന് 10 റണ്‍സ് നേടി. വിരാട് കോഹ്‌ലിക്ക് 11 പന്തില്‍ 12 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ആദ്യ ഇന്നിങ്സ് മുതല്‍ പേസ് അക്രമണം ന്യൂലാന്‍ഡ്സില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസ് 55 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ ബൗളിങ്ങില്‍ വെറും ഒമ്പത് ഓവറില്‍ മൂന്ന് മെയ്ഡണ്‍ അടക്കം 15 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് താരം നേടിയത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ 153 റണ്‍സിന് നിലം പതിക്കുകയും ഉണ്ടായിരുന്നു. 153 എന്ന സ്‌കോറില്‍ ആറ് വിക്കറ്റുകള്‍ വരെ നഷ്ടപ്പെടുത്തിയ അവസ്ഥയും ഇന്ത്യ നേരിടേണ്ടി വന്നിരുന്നു.

Content Highlight: Shortest Test Match

We use cookies to give you the best possible experience. Learn more