| Sunday, 25th April 2021, 11:55 am

സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ ക്ഷാമം; സാര്‍വത്രികം വാക്‌സിനേഷന് മുമ്പ് പരമാവധി രക്തം ശേഖരിച്ചില്ലെങ്കില്‍ സ്ഥിതി രൂക്ഷമാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ ക്ഷാമം. കൊവിഡ് വ്യാപനം മൂലം ആളുകള്‍ രക്തം നല്‍കാന്‍ എത്താത്തതും രക്തം കൂടുതല്‍ നല്‍കുന്ന യുവാക്കള്‍ക്ക് കൊവിഡ് പോസിറ്റീവായതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

അതേസമയം, 18 വയസ്സിനു മുകളിലുള്ളവരും വാക്‌സിന്‍ എടുത്തുതുടങ്ങിയാല്‍ ബ്ലഡ് ബാങ്കുകളില്‍ ക്ഷാമം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയുണ്ട്. വാക്‌സീന്‍ സ്വീകരിച്ചാല്‍ ഉടന്‍ രക്ത ദാനം ചെയ്യാനാകില്ല.

രണ്ട് ഡോസും എടുത്ത് 28 ദിവസ്സിനു ശേഷമെ രക്തം ദാനം ചെയ്യാനാകൂ. ഇതിന് മൂന്ന് മാസമെങ്കിലും എടുക്കും. യുവാക്കള്‍ക്കുള്ള വാക്‌സിനേഷന്‍ തുടങ്ങും മുമ്പ് പരമാവധി രക്തം ശേഖരിക്കാനാണ് ഐ.എം.എ അടക്കമുള്ളവര്‍ ശ്രമിക്കുന്നത്.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുറത്ത് രക്തദാന ക്യാമ്പയിന്‍ സംഘടിപ്പിക്കാനാവാത്തതും ബ്ലഡ് ബാങ്കുകളില്‍ ക്ഷാമത്തിന് കാരണമാണ്.

പരമാവധി രക്തം ശേഖരിച്ചില്ലെങ്കില്‍ സമീപഭാവിയില്‍ നമ്മളെ കാത്തിരിക്കുന്നത്, അതിരൂക്ഷമായ രക്ത ദൗര്‍ലഭ്യമായിരിക്കുമെന്ന് ഡോ. മനോജ് വെള്ളനാട് പറഞ്ഞു.

നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റെ ബ്ലഡ് ബാങ്കുകള്‍ക്കുള്ള ലേറ്റസ്റ്റ് സര്‍ക്കുലര്‍ പ്രകാരം, വാക്സിനെടുത്ത് കഴിഞ്ഞ് 28 ദിവസത്തിനു ശേഷം ആ വ്യക്തിയുടെ രക്തം സ്വീകരിച്ചാല്‍ മതിയെന്നാണ് ഈ സര്‍ക്കുലര്‍ അനുസരിച്ച് കൊവാക്‌സിന്‍ എടുക്കുന്നൊരാള്‍ക്ക് ആദ്യ ഡോസ് വാക്സിനെടുത്ത് മിനിമം രണ്ടു മാസത്തേക്കും, കൊവിഷീല്‍ഡ് എടുക്കുന്നവര്‍ക്ക് മൂന്നു മാസത്തേക്കും പിന്നെ രക്തം ദാനം ചെയ്യാന്‍ പറ്റാത്ത ഒരു സ്ഥിതി വരും. ഇത് രക്തത്തിന്റെ ദൗര്‍ലഭ്യം കൂടുതല്‍ ഗുരുതരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

’18 വയസിന് മുകളിലുള്ളവര്‍ക്ക് കൂടി വാക്‌സിനേഷന്‍ തുടങ്ങി, ഒന്നോ രണ്ടോ മാസം കഴിയുമ്പോഴായിരിക്കും ഈ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ ചിത്രം നമുക്ക് കിട്ടുക. കാരണം പൊതുവേ രക്തദാതാക്കള്‍ ഇപ്പോള്‍ കുറവാണ്. ഉള്ളവരില്‍ നിന്ന് കൂടി സ്വീകരിക്കാന്‍ പറ്റാത്ത സ്ഥിതി വന്നാല്‍?
അതിനൊരു പ്രതിവിധി സന്നദ്ധരക്തദാനമാണ്. അതിന് എല്ലാവരും, പ്രത്യേകിച്ചും യുവാക്കള്‍ മുന്നോട്ട് വരണം. യുവജന സംഘടനകള്‍ അവരെ മോട്ടിവേറ്റ് ചെയ്ത് കൊണ്ടുവരണം,’ എന്നും ഡോ. മനോജ് വെള്ളനാട് പറഞ്ഞു

സംസ്ഥാനത്ത് ശനിയാഴ്ച്ച മാത്രം 26,685 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇതില്‍ 24,596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി ശേഖരിച്ചത് 2,90,262 സാമ്പിളുകളാണ്. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകളാണ് പരിശോധിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Contnet Highlights: Shortage in blood banks  in the state as the second wave of Covid intensifies.

We use cookies to give you the best possible experience. Learn more