| Wednesday, 11th January 2023, 7:14 pm

വിള്ളല്‍ വീണ ജോഷിമഠില്‍ നിന്നും ഒഴിഞ്ഞുപോകാത്ത പ്രതിഷേധത്തിന്റ ന്യായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സമാനതകളില്ലാത്ത ഒരു ദുരന്തത്തെ നേരിടുകയാണ് ഉത്തരാഖണ്ഡിലെ ജോഷിമഠ്.
ചമോലി ജില്ലയില്‍ സമുദ്ര നിരപ്പില്‍ നിന്ന് 6,150 അടിഉയരത്തിലുള്ള ഒരു ടൗണ്‍ഷിപ്പാണ് ഈ പ്രദേശം. 20,000 ജനസംഖ്യയൊള്ളുവെങ്കിലും വലിയ ജനസാന്ദ്രതയുള്ളതാണീ മേഖല.

വിനോദ സഞ്ചാര മേഖല കൂടിയായ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുവീണുണ്ടായ വിള്ളല്‍ മൂലം ഇതുവരെ 723 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ 86 വീടുകള്‍ ഉള്‍പ്പെടും.

എന്താണ് ജോഷിമഠിലെ ഭൗമപ്രതിഭാസത്തിന് കാരണം

കഴിഞ്ഞ ഡിസംബര്‍ മുതലാണ് നഗരത്തിലെ കെട്ടിടങ്ങളില്‍ വിള്ളലുകള്‍ കണ്ടുതുടങ്ങിയത്. പിന്നീട് ദിവസങ്ങള്‍ കഴിയുംതോറും പ്രശ്നം രൂക്ഷമായി. കൂടുതല്‍ കെട്ടിടങ്ങളില്‍ വിള്ളലുണ്ടാവുകയും ഭൂമി ഇടിഞ്ഞ് താഴുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ ഗുരുതരമായി.

ഭൂമിയില്‍ വിള്ളലുണ്ടാകുന്ന ഈ പ്രതിഭാസത്തിന് പ്രധാന കരണമായി പ്രദേശവാസികള്‍ പറയുന്നത് ഒരു തുരങ്ക നിര്‍മാണമാണ്. തപോവന്‍- വിഷ്ണുഖണ്ഡ് വൈദ്യുതി പദ്ധതിയുടെ ഭാഗമായ ഈ തുരങ്ക നിര്‍മാണം ഭൂമിയില്‍ വിള്ളലുകളുണ്ടാകുന്നതിനും വെള്ളം ഒലിച്ചിറങ്ങുന്നതുമായ പ്രതിഭാസത്തിന് കാരണമാകുന്നുവെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

മുമ്പ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന എന്‍.ടി.പി.സി ലിമിറ്റഡാണ് ഈ പദ്ധതിക്ക് പിന്നില്‍. കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതിമന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണിത്.

എന്നാല്‍ ഈ തുരങ്ക നിര്‍മാണം അപകടത്തിന് കാരണമാകുന്നില്ലെന്നാണ് എന്‍.ടി.പി.സിയുടെ വിശദീകരണം. തുരങ്ക നിര്‍മാണം ശാസ്ത്രീയമാണെന്നും ഇത് പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നില്ലെന്നും എന്‍.ടി.പി.സി വാദിക്കുന്നു.

ഈ വാദം പ്രദേശവാസികള്‍ അംഗീകരിക്കുന്നില്ല. ഇക്കാരണം ഉന്നയിച്ച് നേരത്തെ തന്നെ പ്രദേശവാസികള്‍ വലിയ പ്രതിഷേധവും സംഘടപ്പച്ചിരുന്നു. ജോഷിമഠ് ബച്ചാവോ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തപോവന്‍- വിഷ്ണുഖണ്ഡ് വൈദുതി പദ്ധതിയുടെ ഭാഗമായ തുരങ്ക നിര്‍മാണം നിര്‍ത്തിവെക്കുക, ദേശീയ പാതാ വികസനം ഉപേക്ഷിക്കുക, ജനങ്ങളെ ന്യായമായി പുനരധിവസിപ്പിക്കുക തുടങ്ങിയവയായിരുന്നു ആവശ്യം.

ഭൂഗര്‍ഭ പാളിയിലുള്ള പാറക്കെട്ടുകള്‍പൊട്ടി വെള്ളം ഒലിച്ചിറങ്ങുന്നതുകൊണ്ടാണ് വിള്ളലുകളുണ്ടാകുന്നതെന്നാണ് ഭൗമശാസ്തജ്ഞര്‍ പറയുന്നത്. യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

അതീവ പരിസ്ഥിത ലോലപ്രദേശമായ ജോഷിമഠില്‍ അനധികൃത നിര്‍മാണങ്ങള്‍, ചെരുവുകളിലെ കൃഷി തുടങ്ങിയവ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് നേരത്തെ 1976 കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്ന മിശ്ര കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊക്കെ അവഗണിക്കപ്പെടുകയായിരുന്നു.

ജനങ്ങളുടെ പ്രതിഷേധത്തിന്റെ ന്യായം

സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുമ്പോള്‍ പ്രതിഷേധത്തിലാണ് ഇവിടുത്തെ ജനങ്ങള്‍. മേഖലയിലെ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുനീക്കാനാണ് ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 200 കെട്ടിടങ്ങളാണ് ഇത്തരത്തില്‍ പൊളിച്ചുനീക്കാനായി മാര്‍ക്ക് ചെയ്തുവെച്ചിട്ടുള്ളത്.

എന്നാല്‍ തങ്ങള്‍ ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്ന് കുടിയൊഴിപ്പിക്കേണ്ടിവരുന്നതിന്റ ഉത്തരവാദികള്‍ തങ്ങളല്ലെന്നും എന്‍.ടി.പി.സിയോ വലിയ നിര്‍മാണങ്ങള്‍ നടത്തിയവരോ ആണെന്നും അതുകൊണ്ട് അവരില്‍ നിന്ന് കൃത്യമായ നഷ്ടപരിഹാരം ഈടാക്കണമെന്നും പ്രദേശവാസികള്‍ പറയുന്നു.

അതുകൊണ്ട് തന്നെ വിള്ളലുകള്‍ സംഭവിച്ച് അപകടസ്ഥിതിയിലായിരിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തോട് സഹകരിക്കാമെന്നും എന്നാല്‍, സ്ഥലത്തിന്റെ മൂല്യമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഔദ്യോഗികമായ ഉറപ്പ് വേണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

അതിനിടയില്‍, ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 1.5 ലക്ഷം രൂപ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് 50,000 രൂപ മുന്‍കൂറായി നല്‍കാനും തീരുമാനിച്ചു. വീട് വാടകയ്‌ക്കെടുക്കുന്നവര്‍ക്ക് ആറ് മാസത്തേക്ക് പ്രതിമാസം 4,000 രൂപയും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇതിനെ ഇപ്പോഴത്തെ പ്രതിഷേധത്തെ തണുപ്പിക്കാനുള്ള സര്‍ക്കാര്‍ തന്ത്രമായിട്ടാണ് ജനങ്ങള്‍ കാണുന്നത്.

Content Highlight: Short story about Uttarakhand Joshimath land subsidence

We use cookies to give you the best possible experience. Learn more