| Sunday, 8th January 2023, 8:15 pm

'അറബി ഭക്ഷണങ്ങളാ'ണോ കേരളത്തിന്റെ ഭക്ഷ്യ സുരക്ഷക്ക് ഭീഷണി; പ്രതീഷ് വിശ്വനാഥ് തുടങ്ങിവെച്ച വിദ്വേഷ പ്രചരണവും യാഥാര്‍ത്ഥ്യവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

‘ഷവര്‍മ, കുഴിമന്തി എന്നീ ആരോഗ്യത്തെ നശിപ്പിക്കുന്ന അറബി ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കേരളത്തിന്റെ തനത് ഭക്ഷണ ശൈലിയിലേക്ക് തിരിച്ചു പോവുക’ എന്ന തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചാരണത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം.

സമൂഹ മാധ്യമങ്ങളെ തീവ്ര ഹിന്ദുത്വ പ്രചരണത്തിന് മാത്രം ഉപയോഗിക്കുന്ന
പ്രതീഷ് വിശ്വനാഥനാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഇതുസംന്ധിച്ച പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നത്.

ശരിക്കും തീവ്ര ഹിന്ദുത്വ കേന്ദ്രങ്ങളില്‍ നിന്നുള്ള ഈ പ്രചരണങ്ങള്‍ ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിലുള്ള ആവലാതിയല്ല, മറിച്ച് അവസരം ഉപയോഗപ്പെടുത്തി ഭക്ഷണത്തില്‍ മതം കലര്‍ത്തി പച്ചയായ മുസ്ലിം വിദ്വേഷത്തിന് ഉപയോഗിക്കുകയാണിവരെന്നാണ് വിമര്‍ശനം.

ഇവര്‍ നടത്തുന്ന പ്രചരണത്തെ വസ്തുതാപരമായി എതിര്‍ത്തും ചിലര്‍ രംഗത്തെത്തി. ബാക്ടീരിയ ഭക്ഷണത്തിന്റെ പേര് നോക്കിയിട്ടല്ല കയറുന്നതെന്നാണ് ഈ പ്രചരണങ്ങള്‍ക്ക് മറുപടിയായി ഡോ. നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ എഴുതിയത്.

അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഉണ്ടായാല്‍ ഏത് തരം ഭക്ഷണമാണെങ്കിലും ആരോഗ്യത്തിന് പല രീതിയിലും ഹാനികരമാവാം. അതിനെക്കാളൊക്കെ വലിയ ദുരന്തമായാണ് ഇതുപോലെയുള്ള കുളംകലക്കലുകള്‍. ഒരാള്‍ കഴിക്കുന്ന മോശം ഭക്ഷണം ഒരാളുടെ ആരോഗ്യമേ നശിപ്പിക്കൂ. ഇത് നശിപ്പിക്കുന്നത് ഒരു സമൂഹത്തിന്റെ ആരോഗ്യത്തെയാണ്. എന്താണ് കേരളത്തിന്റെ ഈ ‘തനത്’ ഭക്ഷണമെന്നും ഡോക്ടര്‍ ചോദിക്കുന്നുണ്ട്.

സൗദി പോലുള്ള ജി.സി.സി രാജ്യങ്ങളില്‍ മേല്‍പ്പറഞ്ഞ ഭക്ഷണ ശീലങ്ങള്‍ സ്ഥിരമാക്കുന്ന മലയാളികള്‍ ധാരാളമുണ്ട്, എന്നാല്‍ അവിടെ ഇത്തരത്തില്‍ ഭക്ഷ്യവിഷബാധയുടെ വാര്‍ത്തകള്‍ വരുന്നില്ലെന്നും അവിടെ ജീവിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.

‘കഴിഞ്ഞ 32 വര്‍ഷമായി ഞാന്‍ സൗദിയില്‍ ഉണ്ട്. മിക്കവാറും ഷവര്‍മ, കുഴിമന്തി പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കാറുമുണ്ട്. പലരും സ്ഥിരമായി കഴിക്കുന്നവരുമുണ്ട്, ഇവിടെ ഇങ്ങനെയുള്ള മരണങ്ങളൊന്നും ഉണ്ടാകുന്നില്ല.

കാരണം ഇവിടെ മുനിസിപ്പല്‍ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരൊക്കെ അവരവരുടെ കര്‍ത്തവ്യം കൃത്യമായി നിര്‍വഹിക്കുന്നു. അല്ലാതെ ഭക്ഷണം കഴിച്ചു ആള് വടിയായി കഴിയുമ്പോള്‍ മാത്രം ഞെട്ടിയുണര്‍ന്ന് പരിശോധനകള്‍ നടത്തുന്നില്ല,’ എന്നാണ് ഓമനക്കുട്ടന്‍ ദിവാകരന്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ വിഷയത്തില്‍ പറഞ്ഞ കമന്റ്.

പ്രളയം, കൊവിഡ് തുടങ്ങി പല ദുരന്തങ്ങളും നമ്മള്‍ മലയാളികള്‍ അതിജീവിച്ചിട്ടുണ്ട്, എന്നാല്‍ ഈ ദുരന്തങ്ങള്‍ക്കിടയില്‍ തീവ്രഹിന്ദുത്വ വാദികള്‍ കൊണ്ടുവരുന്ന വിദ്വേഷ പ്രചരണങ്ങളെ അതിജീവിക്കാന്‍ നമ്മള്‍ ഒന്നു കൂടി കരുതിയിരിക്കേണ്ടതുണ്ടെന്നും പറയുന്നവരുണ്ട്.

സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റുള്ള മരണങ്ങളും ഇതുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകളും സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന സമയത്തായിരുന്നു വിദ്വേഷ പ്രചരണം പ്രതീഷ് വിശ്വനാഥ്  തുടങ്ങിവെച്ച് പോസ്റ്റ്.

‘ഷവര്‍മ, കുഴിമന്തി എന്നീ ആരോഗ്യത്തെ നശിപ്പിക്കുന്ന അറബി ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കേരളത്തിന്റെ തനത് ഭക്ഷണ ശൈലിയിലേക്ക് തിരിച്ചുപോവുക.

നിങ്ങളുടെ പ്രദേശത്ത് സ്വാദിഷ്ടവും, ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്ന ഹലാല്‍ അല്ലാത്ത ഹോട്ടലുകള്‍ ഞങ്ങളെ അറിയിക്കുക. ഞങ്ങള്‍ ഒരു ഡയറക്ടറി പബ്ലിഷ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഹോട്ടലിന്റെ പേര്, ഉടമയുടെ പേര്, ലൊക്കേഷന്‍, ജില്ല, ഹോട്ടലിന്റെ ഫോട്ടോ, കോണ്‍ടാക്ട് നമ്പര്‍ എന്നിവ ഹിന്ദു സേവാ കേന്ദ്രത്തില്‍ വിളിച്ച് അറിയിക്കുക’ എന്നായിരുന്നു പ്രതീഷ് വിശ്വനാഥ് എഴുതിയത്‌.

ഷവര്‍മ, അല്‍ഫാം പോലുള്ള അറബി ഫുഡ് സംസ്‌കാരമാണ് കേരളത്തിലെ ഭക്ഷ്യ സുരക്ഷക്ക് ഭീഷണിയാകുന്നതെന്നും പൂര്‍ണമായും കേരളീയ തനിമയുള്ള, ഭക്ഷണ സംസ്‌കാരത്തിലേക്ക്’ മലയാളി മാറണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ശവായ, അല്‍ഫാം, ഷവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ഇക്കൂട്ടര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

‘വിദേശ മാംസാഹാരം കഴിച്ച് ആള്‍ക്കാര്‍ മരിച്ചതിനെ കുറിച്ച് രണ്ടുവാക്ക് പറയുമോ?’ എന്നാണ് രാഷ്ട്രീയ നിരീക്ഷകനായി ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടാറുള്ള ശ്രീജിത്ത് പണിക്കര്‍ ഈ പ്രചരണങ്ങള്‍ക്ക് എരുവ് പകര്‍ന്ന് നല്‍കിക്കൊണ്ട് പ്രതികരിച്ചത്.

 Content Highlight: Short story about  Deaths due to food poisoning in the state and hate propaganda on  Hindutva groups

We use cookies to give you the best possible experience. Learn more