കുറഞ്ഞ അവസരം മാത്രം ലഭിക്കുകയും അത് മുതലാക്കി തന്റെ പേര് ഫുട്‌ബോള്‍ ലോകത്ത് അടയാളപ്പെടുത്തുകയും ചെയ്ത താരമാണ് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്.
എന്നാല്‍, അര്‍ജന്റീന ലോകകപ്പ് നേടിയ ശേഷമുള്ള മാര്‍ട്ടിനെസിന്റെ ചില പ്രവര്‍ത്തികള്‍ അയാളെ ഒരു വിവാദ നായകനാക്കുകയാണ്.
അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ അര്‍ജന്റൈന്‍ താരങ്ങള്‍ക്കൊരുക്കിയ സ്വീകരണത്തിനിടെയുള്ള മാര്‍ട്ടീനസിന്റെ പ്രവര്‍ത്തിയാണ് പുതിയ വിവാദം.
തുറന്ന ബസില്‍ ടീമംഗങ്ങള്‍ക്കൊപ്പം ആരാധകരെ അഭിവാദ്യം ചെയ്ത് സഞ്ചരിക്കവെ മാര്‍ട്ടിനെസ് ഒക്കത്തുവെച്ച പാവക്ക് ഫ്രഞ്ച് താരം എംബാപ്പെയുടെ ചിത്രമാണ്. എംബാപ്പെയുടെ ചിത്രത്തില്‍ നിന്ന് തല വെട്ടിയെടുത്ത് പാവയുടെ മുഖത്ത് ഒട്ടിച്ചിരിക്കുകയായിരുന്നു.
യാത്ര നടത്തുമ്പോള്‍ തുറന്ന ബസില്‍ ലയണല്‍ മെസിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അദ്ദേഹത്തിന് നേരെ വിമര്‍ശനമുയരുന്നത്.
കോപ്പാ അമേരിക്ക കിരീടം നേടിയപ്പോള്‍ സഹതാരങ്ങള്‍ ബ്രസീലിയന്‍ കളിക്കാരെ കളിയാക്കുന്ന തരത്തിലുള്ള ആഘോഷ പ്രകടനങ്ങള്‍ നടത്താന്‍ ശ്രമിച്ചപ്പോള്‍ മെസി അന്ന് തടഞ്ഞിരുന്നു. പി.എസ്.ജിയില്‍ തന്റെ സഹതാരമായ എംബാപ്പെയെ തന്റെ മുന്നിലിട്ട് അധിക്ഷേപിക്കുമ്പോള്‍ മെസി നോക്കി നില്‍ക്കുന്നുവെന്ന വിമര്‍ശനവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.
മത്സരത്തിന് ശേഷം തന്നെ എമിലിയാനോ വിവാദം സൃഷ്ടിച്ചിരുന്നു. കിരീടം സ്വന്തമാക്കി അര്‍ജന്റൈന്‍ താരങ്ങള്‍ ഡ്രസിങ് റൂമില്‍
ആഘോഷിക്കുന്നതിനിടയില്‍ ‘ഒരു മിനിട്ട് നമുക്ക് എംബാപ്പെക്കുവേണ്ടി മൗനമാചരിക്കാം എന്ന് എമിലിയാനോ പറയുമ്പോള്‍, കൂടെയുള്ള താരങ്ങള്‍ ഒരു സെക്കന്റ് നിശബ്ദരാകുന്നതും വീണ്ടും ആഘോഷം തുടരുന്നതുമുള്ള ഒരു വീഡിയോയും മുമ്പ് പുറത്തുവന്നിരുന്നു.
ഇതുകൂടാതെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം നേടിയ ശേഷം എമിലിയാനോ കാണിച്ച ആംഗ്യത്തിനും നിരവധി വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
എന്നാല്‍ 2021ലെ കോപ്പ അമേരിക്കയില്‍ ഗോള്‍ഡന്‍ ഗ്ലൗ നേടിയപ്പോയും മാര്‍ട്ടീനസ് ഇങ്ങനെ കാണിച്ചിരുന്നെന്നും, അത് ആരേയും അപമാനിക്കാന്‍ വേണ്ടിയല്ലെന്നും കേവലം ഒരു ആഘോഷപ്രകടനം മാത്രമായിരുന്നെന്നുമായിരുന്നു അര്‍ജന്റൈന്‍ ആരാധകര്‍ പറഞ്ഞിരുന്നത്. ഫൈനലിന് ശേഷം എംബാപ്പെയെ എമിലിയാനോ ആശ്വസിപ്പിച്ചതും ഇതിനിടയില്‍ ഇവര്‍ എടുത്തുകാണിച്ചു.
പക്ഷെ, ‘പാവ ആഘോഷം’ പുറത്തുവന്നതോടെ എംബാപ്പെയെ തന്നെ വിടാതെ പിന്തുടരുന്ന എമിലായാനോയുടെ രീതി അത്ര നിഷ്‌കളങ്കമല്ലെന്നാണ് ആരാധകര്‍ പറയുന്നത്. കറുത്ത വംശജരോടുള്ള അദ്ദേഹത്തിന്റെ വിദ്വേഷമാണിതെന്നും ചിലര്‍ പറയുന്നു.
ഫൈനലില്‍ ഷൂട്ടൗട്ടിലടക്കം നാല് ഗോളുകളാണ് എമിലിയാനോ വല കാത്ത അര്‍ജന്റൈന്‍ പോസ്റ്റിലേക്ക് എംബാപ്പെ അടിച്ചുകയറ്റിയത്. ഇതിന്റെ കലിപ്പാണ് വിദ്വേഷം പ്രകടിപ്പിച്ച് അദ്ദേഹം തീര്‍ന്നതെന്നും ഇവര്‍ പറയുന്നു.
2018ലെ റഷ്യന്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന പുറത്തായിരുന്നു. അന്ന് സ്റ്റേഡിയത്തിലിരുന്ന് ടീമിന് പിന്തുണയുമായി എത്തിയ വെറും ഒരു കാണിമാത്രമായിരുന്നു എമിലിയാനോ മാര്‍ട്ടിനസ്.
ആ ടൂര്‍ണമെന്റിലടക്കം അക്കാലത്ത് മികച്ച ഒരു ഗോള്‍കീപ്പറില്ലാത്തത് അര്‍ജന്റീനയുടെ പെര്‍ഫോമന്‍സിനെ കാര്യമായ രീതിയില്‍ ബാധിച്ചിരുന്നു.
രണ്ട് വര്‍ഷത്തിനിടയില്‍ അര്‍ജന്റീന മൂന്ന് കിരീട നേട്ടം ആഘോഷിച്ചതില്‍ എമിലിയാനോ മാര്‍ട്ടിനെസ് വഹിച്ച പങ്ക് ചെറുതായിരുന്നില്ല. ഏറെകാലത്തെ കാത്തിരിപ്പിന് ശേഷമാണ് അര്‍ജന്റീനക്ക് ഇങ്ങനെ ഒരു കീപ്പറെ കിട്ടുന്നത്.
2020 സീസണില്‍ ആഴ്‌സണലിന്റെ പ്രധാന ഗോള്‍കീപ്പറായ ലെനോക്ക് പരിക്കേറ്റപ്പോയാണ് മാര്‍ട്ടിനസിന് അവസരം ലഭിക്കുന്നതും അയാളുടെ മികവ് ലോകം അറിയുന്നതു. പിന്നീട് അര്‍ജന്റീനയുടെ പ്രധാന ഗോള്‍ കീപ്പറായി മാര്‍ട്ടിനെസ് മാറി.
അങ്ങനെയുള്ള ഒരു പ്രതിഭ തന്റെ ചെയ്തികള്‍ കൊണ്ട് സ്വയം ചെറുതാകുന്നത് ഒരു കളിക്കാരന്റെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന് ചേര്‍ന്നതല്ല.