| Monday, 19th December 2022, 12:56 pm

പൂര്‍ണനായോ ഇതിഹാസം; മെസിക്ക് ഇനി നാഷണല്‍ ജേഴ്‌സിയില്‍ എന്താണ് ബാക്കിയുള്ളത്?

സഫ്‌വാന്‍ കാളികാവ്

2021ലെ കോപ്പാ അമേരിക്ക കിരീടം നേടുന്നത് വരെ നാഷണല്‍ ജേഴ്‌സിയില്‍ ഒരു അന്താരാഷ്ട്ര കിരീടമില്ലാത്ത ഫുട്‌ബോളറായിരുന്നു ലയണല്‍ മെസി. 2014ലെ ലോകകപ്പിലേയും, 2015ലെ കോപ്പയിലേയും 2016ലെ നൂറ്റാണ്ടിലെ കോപ്പയിലേയും ഫൈനലുകളിലെ തോല്‍വിയാണ് ഏഴ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ മെസിയുടെ അന്താരാഷ്ട്ര കിരീടമോഹം അത്രമേല്‍ നീട്ടിക്കൊണ്ടുപോയത്.

തുടര്‍ച്ചയായ ഫൈനല്‍ തോല്‍വിയില്‍ മനംനൊന്ത്, അര്‍ജന്റീനക്ക് വേണ്ടി ഇനി താന്‍ കളിക്കില്ലെന്ന് 2016ല്‍ തീരുമാനമെടുക്കേണ്ടിവന്ന മെസി 2022ലെ ലോകകപ്പ് കിരീട നേട്ടത്തിലൂടെ ഒരു ഫുട്‌ബോളര്‍ക്ക് നേടാനുള്ള എല്ലാം നേടിയാണ് തന്റെ യാത്ര തുടരുന്നത്.

രണ്ട് വര്‍ഷം മാത്രം മതിയായിരുന്നു മെസിക്ക് കിരീടമില്ലാത്ത രാജാവെന്ന പഴി അവസാനിപ്പിക്കാന്‍. 2021ലെ കോപ്പയും, 2022ല്‍ തന്നെ നടന്ന യൂറോ, കോപ്പ ചാമ്പ്യന്‍മാരുടെ ടൂര്‍ണമെന്റായ ഫൈനലിസിമയും നേടുന്നതോടെയാണ് ഇതുസംഭവിക്കുന്നത്.

പക്ഷേ അപ്പോഴും മെസിയെപ്പോലെ ഒരു ഇതിഹാസത്തിന് ലോകകപ്പ് നേടാന്‍ കഴിയാതെ വരുന്നത് എന്തൊക്കെയായാലും ഒരു വലിയ കുറവ് തന്നെയായിരുന്നു. ആ കുറവ് നികത്തുന്ന അര്‍ജന്റീനയെ ആയിരുന്നു ഖത്തറില്‍കണ്ടത്.

ഖത്തറില്‍ മെസിയുടെ അഞ്ചാം ലോകകപ്പായിരുന്നു. പ്രായം 35 വയസ്. അടുത്ത ഒരു ലോകകപ്പിന് താനുണ്ടാകില്ലെന്ന് ടൂര്‍ണമെന്റിന് മുന്നേ അയാള്‍ പ്രഖ്യാപിച്ചു. അതുകൊണ്ട് തന്നെ ആകാശനീലയും വെള്ളയും കലര്‍ന്ന കുപ്പായത്തില്‍ മെസിയെ കണ്ണുനിറഞ്ഞുകാണാന്‍ കഴിയുന്ന അവസാന അവസരമാകും ഖത്തറിലേതെന്ന് ഫുട്‌ബോള്‍ ആരാധകരും വിശ്വസിച്ചു.

ഖത്തറില്‍ മെസിയും അയാളുടെ അര്‍ജന്റീനയും തുടക്കം മുതലേ ഫേവററ്റുസുകളായിരുന്നു. കോപ്പാ അമേരിക്ക നേട്ടമടക്കം 36 മത്സരങ്ങള്‍ തോല്‍ക്കാതെയുള്ള ടീമിന്റെ യാത്രയും ഇതിനൊരു കാരണമായിരുന്നു. എന്നാല്‍ തുടക്കം തന്നെ മെസിയുടെ അര്‍ജന്റീനക്ക് പിഴച്ചു. ഫുട്‌ബോള്‍ ചരിത്രത്തില്‍ അത്ര ട്രാക്ക് റെക്കോഡില്ലാത്ത സൗദിയോട് 2-1 തോല്‍വി വഴങ്ങേണ്ടിവന്നു. അന്ന് പലരും പറഞ്ഞത് ഈ ലോകകപ്പില്‍ അര്‍ജന്റീന ഒരു ഊതിവീര്‍പ്പിച്ച ബലൂണാണെന്നായിരുന്നു.

എന്നാല്‍ അന്ന് മെസി അര്‍ജന്റീനയെ സ്‌നേഹിക്കുന്ന ലോകത്തുള്ള മുഴുവന്‍ മനുഷ്യരോടായും പറഞ്ഞത്, ‘നിങ്ങള്‍ക്ക് ഈ ടീമിനെ വിശ്വസിക്കാം ഞങ്ങള്‍ തിരിച്ചുവരും’ എന്നായിരുന്നു.

ഈ വാക്കുകള്‍ അത്രമേല്‍ അത്മാര്‍ത്ഥയോടെയാണ് പറഞ്ഞതെന്ന് മൈതാനത്ത് തെളിയിച്ചിരിക്കുകയാണ് അയാള്‍.

ഈ ലോകകപ്പില്‍ അഞ്ച് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ നേടിയ മെസിക്കുതന്നെയാണ് മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും ലഭിച്ചത്. 2014ലെ ബ്രസീല്‍ ലോകകപ്പിലും സ്വര്‍ണപ്പന്ത് മെസിക്ക് തന്നെയായിരുന്നു. ഇതോടെ രണ്ട് ലോകകപ്പില്‍ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഫുട്‌ബോളറാകാനും അദ്ദേഹത്തിന് സാധിച്ചു.

ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും മെസിയെ തേടിയെത്തുമെന്ന് വിചാരിച്ച ഘട്ടവും ഖത്തറിലെ ഫൈനലിന്റെ അവസാനംവരെ കണ്ടു. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എട്ട് ഗോള്‍ നേടിയപ്പോള്‍ മെസി വലകുലുക്കിയത് ഏഴ് തവണയാണ്. അതുകൂടാതെ മൂന്ന് ഗോളുകള്‍ക്ക് അയാള്‍ വഴിയൊരുക്കുകയും ചെയ്തു.

ചുരുക്കിപ്പറഞ്ഞാല്‍ തന്റെ അവസാന ലോകകപ്പാണെന്ന് മെസി തന്നെ പറഞ്ഞ ടൂര്‍ണമെന്റില്‍ പൂര്‍ണ ആധിപത്യം നേടിയാണ് അയാള്‍ മടങ്ങുന്നത്. ചാമ്പ്യന്‍ എന്ന പേരുകാരനായി കുറച്ചുകാലം കൂടി നാഷണല്‍ ജേഴ്‌സിയില്‍ കളിക്കണമെന്നാണ് കഴിഞ്ഞ ദിവസം ലോകകപ്പെന്ന ചെങ്കോല്‍ പിടിച്ച് മെസി പറഞ്ഞത്.

2026ലെ ലോകകപ്പിലേക്കെത്തുമ്പോഴേക്ക് മെസിക്ക് 39 വയസാകും, ആ പ്രായത്തില്‍ അദ്ദേഹം ലോകകപ്പ് കളിക്കാന്‍ വരുമോയെന്നത് അയാള്‍ മാത്രം തീരുമാനിക്കേണ്ടയൊന്നാണ്.

ഇനിയും തന്റെ പ്രതിഭയില്‍ ഒരുപാട് കാണിക്കാന്‍ ബാക്കിയുണ്ടെന്ന് കളിക്കമ്പക്കാരെ ഓര്‍മപ്പെടുത്തി സ്വര്‍ണക്കപ്പുമായി അയാള്‍ ഖത്തര്‍ വിടുമ്പോള്‍, കാത്തിരിക്കാനല്ലേ നമുക്ക് പറ്റൂ…

Content Highlight:  Short special story about Lionel Messi after Argentina winning Fifa world title

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more