| Wednesday, 28th December 2022, 10:21 am

കേരളത്തിന് പുറത്ത് ദേശീയ തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും; 75ാം വാര്‍ഷികത്തോടനുബന്ധിച്ച് സമഗ്ര പദ്ധതിയുമായി ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദേശീയ തലത്തില്‍ പുതിയ പ്രവര്‍ത്തന പദ്ധതിയുമായി മുസ്‌ലിം ലീഗ്. പാര്‍ട്ടിയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തെക്കൂടാതെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

ജനുവരി ഒമ്പത്, 10 തീയ്യതികളില്‍ ചെന്നെയില്‍ ലീഗ് ദേശീയ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാകും കേരളത്തിന് പുറത്തേക്കുള്ള സമഗ്ര പദ്ധതി ആസൂത്രണം ചെയ്യുക. 75ാം വാര്‍ഷികത്തോടനുബന്ധിച്ച് 2023 മാര്‍ച്ചില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.

ദളിത്, മുസ്‌ലിം വിഷയങ്ങളിലെ ഇടപെടല്‍, ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ വിശാലഐക്യ പ്രതിപക്ഷത്തിനുള്ള ശ്രമം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തിന് പുറത്ത് സജീവമാകാനാണ് ലീഗ് ലക്ഷ്യമിടുന്നത്. യുവജന, വിദ്യാര്‍ത്ഥി സംഘടനകളേയും ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാനും പാര്‍ട്ടി തീരുമാനിക്കുന്നുണ്ട്.

75ാം വാര്‍ഷികത്തിന്റെ ഭാഗമായി ദല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, അസം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ സെമിനാറുകളും വൈവിധ്യമായ പരിപാടികളും സംഘടിപ്പിക്കുമെന്ന് ലീഗ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.ടി.യു, വനിതാ ലീഗ്, ലോയേര്‍സ് ഫോറം, കര്‍ഷക സംഘം തുടങ്ങിയ ദേശീയ ഘടകങ്ങളും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

2013 മാര്‍ച്ച് പത്തിനാണ് പാര്‍ട്ടിയുടെ 75ാം വാര്‍ഷികദിനം. 1948 മാര്‍ച്ച് 10ന് മദ്രാസിലെ രാജാജി ഹാളിലാണ് ലീഗിന്റെ രൂപീകരണ യോഗം നടന്നത്.

1957ലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അഞ്ച് എം.എല്‍.എമാരെ വിജയിപ്പിച്ചു. വിമോചന സമരത്തിന് ശേഷം 1960ലെ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസുമായ് ലീഗ് സഖ്യത്തിലാകുന്നത്. ഇതിനിടയില്‍ ഇ.എം.എസ് നേതൃത്വം നല്‍കിയ 1967ലെ സപ്തകക്ഷി മന്ത്രിസഭയിലും ലീഗ് ഭാഗമായി.

75 വര്‍ഷത്തെ രാഷ്ടീയ കാലയളവില്‍ കുറച്ചുകാലമാണെങ്കിലും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ സി.എച്ച്. മുഹമ്മദ് കോയ ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി പദവികള്‍ വഹിച്ചു. ഇ. അഹമ്മദിലൂടെ കേന്ദ്ര സഹമന്ത്രി പദവിയും പാര്‍ട്ടിയെ തേടിയെത്തി.

Content Highlight: Short report Muslim League with new action plan at national level

We use cookies to give you the best possible experience. Learn more