| Thursday, 19th January 2023, 9:10 pm

Opposition Untiy |പ്രതിപക്ഷ ഐക്യം: കെ.സി.ആറിന്റെ മൂന്നാം മുന്നണിയും പുറത്തുള്ള കോണ്‍ഗ്രസും | DNation

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ദേശീയ തലത്തില്‍ മൂന്നാം മുന്നണി ശ്രമങ്ങള്‍ക്ക് ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളെ ഉള്‍ക്കൊള്ളിച്ച്
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി(ബി.ആര്‍.എസ്)യുടെ നേതൃത്വത്തില്‍ ഖമ്മം നഗരത്തില്‍ ഒരു ലക്ഷത്തലേറെ പേരെ പങ്കെടുപ്പിച്ച് റാലി നടത്തിയത്.

ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദലായുള്ള ഒരു മുന്നണിക്കാണ് കെ. ചന്ദ്രശേഖര റാവു ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്, ബി.ജെ.പി ഇതര പ്രധാന കക്ഷകളെയെല്ലാം അദ്ദേഹം റാലിയുടെ ഭാഗമാക്കി.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, യു.പി. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ
എന്നിവരും റാലിയുടെ ഭാഗമായി.

ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ പ്രതികരണമാണ് റാലിയില്‍ സംസാരിച്ച നേതാക്കളുടെ ഭാഗത്തുനിയുണ്ടായത്. ദേശീയ തലത്തില്‍ ബി.ജി.പിക്കെതിരെ ഒരു വലിയ പ്രതിപക്ഷനിര കൊണ്ടുവരികയാണെന്ന് നേതാക്കള്‍ പ്രഖ്യാപച്ചു.

പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ ഭരണത്തില്‍ അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടപെടുലുണ്ടാകുന്നു. ഫെഡറലിസം തകര്‍ക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. കുതിരക്കച്ചവടത്തിലൂടെ പല സംസ്ഥാനങ്ങളിലെയും ഭരണം കേന്ദ്രം അട്ടിമറിക്കുകയാണ്.

മതേതരത്വം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രം ഭരിക്കുന്നവര്‍ തന്നെ മതത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും പിണറായി പറഞ്ഞു. മറ്റ് നേതാക്കളും സമാന വിമര്‍ശനം തന്നെയാണ് കേന്ദ്രത്തിനും ബി.ജെ.പിക്കുമെതിരെ നടത്തിയത്.

അതേസമയം, തമിഴ്‌നാട്ടിലെ ഡി.എം.കെ, മഹാരാഷ്ട്രയിലെ ശിവസേന, പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ മൂന്നാം മുന്നണി നീക്കത്തിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഡി.എം.കെയും ശിവസേനയും കോണ്‍ഗ്രസില്ലാത്ത ഒരു പ്രതിപക്ഷം സാധ്യമല്ലെന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കെ.സി.ആറിന്റെ നീക്കങ്ങള്‍ക്ക് അനുകൂല നിലപാടെടുത്തിരുന്നെങ്കലും ബുധനാഴ്ച നടന്ന റാലിക്ക് അവരെത്തിയില്ല.

Content Highlight: Short report about The third front move of  Telangana Chief Minister K. Chandrasekhara Rao

ഡൂള്‍ന്യൂസ് ഡെസ്‌ക്