ഫുള്‍ ജാര്‍ സോഡയെ ട്രോളുന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു
Pravasi
ഫുള്‍ ജാര്‍ സോഡയെ ട്രോളുന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു
ഷംസീര്‍ ഷാന്‍
Wednesday, 12th June 2019, 6:32 pm

ദുബൈ: നാട്ടിലെങ്ങും ഫുള്‍ ജാര്‍ സോഡയാണ് ഇപ്പോള്‍ തരംഗം. മലയാളികളുടെ ഫുള്‍ ജാര്‍ സോഡ ഭ്രമത്തെ വിമര്‍ശനവിധേയമാക്കുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂര്‍ ഒരുക്കിയ ‘ദ ലൈഫ് ജാര്‍’ എന്ന രണ്ട് മിനുറ്റ് നീളുന്ന ഹ്രസ്വചിത്രം.

65 ഓളം മലയാള സിനിമകളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ച ജയപ്രകാശ് പയ്യന്നൂരിന്റെ ആദ്യ ഹ്രസ്വചിത്ര സംരംഭമാണിത്. ജലത്തിന്റെ ദൂര്‍ത്തും ദൗര്‍ലഭ്യവും ദാഹിക്കുന്നവന്റെ വേദനയും അടയാളപ്പെടുത്തുന്നതാണ് ‘ദി ലൈഫ് ജാര്‍’. ദാഹിച്ച് വലയുന്നവന് മുന്നില്‍ ഒരു തുള്ളി വെള്ളത്തിന് ഒരു ചാക്ക് സ്വര്‍ണ്ണത്തിന്റെ വിലയുണ്ടെന്ന് സിനിമ പറയുന്നു.


പ്രശസ്ത ചലച്ചിത്ര നടന്‍ അനൂപ് മേനോനാണ് ദുബൈയില്‍ നടന്ന ലളിതമായ ചടങ്ങില്‍ സിനിമ യൂടൂബില്‍ പുറത്തിറക്കിയത്. ദുബൈയില്‍ പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന അജ്മല്‍ വൈക്കമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

പ്രിന്‍സ് ബാബുവാണ് എഡിറ്റിംങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത സംവിധായകരായ കമല്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ഷാഫി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുളള ജയപ്രകാശ് പയ്യന്നൂര്‍ സ്വന്തം സ്ഥാപനമായ ജെപി സ്റ്റുഡിയോയുടെ ബാനറിലാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.