സെക്രട്ടറിയേറ്റിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
Kerala News
സെക്രട്ടറിയേറ്റിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th October 2020, 1:07 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതു ഭരണ വകുപ്പിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കത്തിയത് ഫയലുകള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാനിറ്റൈസര്‍ ഉള്‍പ്പെടെ മറ്റു വസ്തുക്കള്‍ കത്തിയിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതിയും ഫയര്‍ഫോഴ്‌സിന്റെ സംഘവും ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണ് തീപിടിത്തത്തിന് കാരണമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഈ വാദം തള്ളിക്കൊണ്ടാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് സീലുവെച്ച കവറില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചു.

സ്വിച്ചില്‍ നിന്നും ഫാനിലേക്ക് പോയ വയറുകള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം കത്തിയ ഫാനുള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടും വരാനുണ്ട്.

45 ഇനങ്ങള്‍ പരിശോധനയ്ക്കയച്ചതില്‍ 43 ഇനങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടാണ് വരാനുള്ളത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 25 നാണ് സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടായത്. നോര്‍ത്ത് ബ്ലോക്കിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.

സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സെക്രട്ടറിയേറ്റിലെ തീപിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഫയലുകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ യു.ഡി.എഫും ബി.ജെ.പിയും സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത രംഗത്തെത്തിയതും വിവാദമായിരുന്നു.

ചീഫ് സെക്രട്ടറി നേരിട്ടെത്തിയാണ് സമരക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിയത്. മാധ്യമങ്ങളെ സംഭവസ്ഥലത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നീട് സെക്രട്ടറിയേറ്റിനുമുന്നിലെ പ്രതിഷേധം പൊലീസുമായി സംഘര്‍ഷത്തില്‍ കലാശിച്ചതും വാര്‍ത്തയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Short circuit is not the reason behind  fire in secretariat claims Forensic Report