| Saturday, 17th December 2022, 11:28 pm

Muslim Lague |സാദിഖലിയുടെ തീര്‍പ്പില്‍ മാത്രം ലീഗിന്റെ ഇടതുമുന്നണി പ്രവേശന ചര്‍ച്ച അവസാനിക്കുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലീഗിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ടുയരുന്ന അഭ്യൂഹങ്ങള്‍ക്കും എല്‍.ഡി.എഫിനുള്ളില്‍ തന്നെയുള്ള സി.പി.ഐ- സി.പി.ഐ.എം അസ്വാരാസ്യങ്ങള്‍ക്കുമൊടുവില്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍.

എല്‍.ഡി.എഫിലേക്ക് പോകേണ്ട സാഹചര്യം നിലവില്‍ മുസ്‌ലിം ലീഗിന് മുന്നിലില്ലെന്നും
ലീഗ് വന്നാല്‍ എല്‍.ഡി.എഫില്‍ സി.പി.ഐക്കുള്ള രണ്ടാം സ്ഥാനം നഷ്ടപ്പെടുമെന്ന പേടിയാണ് കാനം രാജേന്ദ്രനുള്ളതെന്നുമാണ് മനോരമ ന്യൂസിലെ നേരെ ചൊവ്വേയില്‍ സാദിഖലി തങ്ങള്‍ പറഞ്ഞത്.

ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ജനാധിപത്യ സ്വഭാവമുള്ള പാര്‍ട്ടിയാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത് കേരളത്തിന്റെ മുഴുവന്‍ അഭിപ്രായമാണെന്നും സാദിഖലി പറഞ്ഞുവെച്ചു.

എം.വി. ഗോവിന്ദന്റെ പ്രസ്താവന എല്‍.ഡി.എഫിലെ രണ്ടാമത്തെ ഘടകക്ഷിയായ സി.പി.ഐക്ക് അത്ര രസിച്ചില്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ സാദിഖലി തങ്ങളുടെ പ്രതികരണം.

എം.വി. ഗോവിന്ദന്റെ പ്രസ്താവന അനവസരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയെന്നും രാഷ്ട്രീയമായി എല്‍.ഡി.എഫിന് എന്ത് ഗുണമാണ് ഇതുകൊണ്ടുണ്ടായതെന്നുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അതൃപ്തിയറിയിച്ചിരുന്നത്. യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറയാനിത് ലീഗിന് ഒരവസരമൊരുക്കുകയായിരുന്നുവെന്നും കാനം പറഞ്ഞിരുന്നു.

മുസ്‌ലിം ലീഗിനെ എല്‍.ഡി.എഫുമായി അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയെ വീണ്ടും സജീവമാക്കാന്‍ എം.വി. ഗോവിന്ദന്റെ പ്രസ്താവന കാരണമായിരുന്നു.

ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിക്കുകയല്ല മറിച്ച് യു.ഡി.എഫില്‍ തുടര്‍ച്ചയായി രണ്ട് തവണ പ്രതിപക്ഷത്തിരുന്ന ലീഗിനെ രാഷ്ട്രീയപരമായി പ്രകോപിപ്പിച്ച് യു.ഡി.എഫിലെ കെട്ടുറപ്പിനെ തകര്‍ക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്നാണ് ഈ വിഷയത്തിലെ സുപ്രധാനമായ ഒരു വിലയിരുത്തല്‍. ഈ തരത്തിലുള്ള വിലയിരുത്തലിനുള്ള മറുപടിയായി പാണക്കാട് തങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞതിനെ കാണാവുന്നതാണ്.

യു.ഡി.എഫിന്റെ കെട്ടുറപ്പിനെ തകര്‍ക്കാന്‍ സി.പി.ഐ നടപ്പിലാക്കിയ ഒരു വിവാദത്തെ എല്‍.ഡി.എഫിലെ പ്രബല കക്ഷിയായ സി.പി.ഐക്ക് നേരെ തിരിച്ചുവിടുകയാണ് തങ്ങള്‍ ചെയ്തത്.

ഇ.പി. ജയരാജന്‍ കണ്‍വീനറായി ചുമതലയേറ്റ ശേഷമാണ് ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുന്ന തരത്തിലുള്ള പ്രസ്താവന വരുന്നത്. ആ ക്ഷണം ലീഗ് അന്നുമുതലേ തള്ളുകയും ചെയ്തതാണ്.

ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത് അവര്‍ക്ക് നിലനില്‍പ്പില്ലെന്ന ബോധ്യത്തില്‍നിന്നാണെന്ന് ഇതുസംബന്ധിച്ച ആദ്യ ചര്‍ച്ചകളില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം മുമ്പ് ഡൂള്‍ ന്യൂസിനോട് പറിഞ്ഞിരുന്നത്.

അതേസമയം, ഇരു മുന്നണിയിലേയും നേതാക്കള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ക്കപ്പുറം
ഏതെങ്കിലും ഘട്ടത്തില്‍ മുസ്‌ലിം ലീഗ് ഇടതുമുന്നണിയിലേക്ക് മാറിയാല്‍ കേരള രാഷ്ട്രീയത്തിലുണ്ടായേക്കാവുന്ന മാറ്റങ്ങള്‍ തന്നെയാണ് ഈ വിഷയത്തെ ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്.

കാലാകാലങ്ങളായി തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ ലീഗ് അവര്‍ക്ക് ലഭിക്കുന്ന സീറ്റ് നിലനിര്‍ത്തുന്നുണ്ട്.

അങ്ങനെയുള്ള ലീഗിന് ഇനി ഭരണപക്ഷത്ത് വരാന്‍ കഴിയില്ല എന്ന തോന്നലുണ്ടായാല്‍ ഇപ്പോള്‍ എന്തൊക്കെ പറഞ്ഞാലും അവര്‍ മാറി ചിന്തിക്കില്ലേ എന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. പ്രത്യകിച്ച് ഇനിയും ഇടതുമുന്നണി അധികാരത്തില്‍ വരുന്നഘട്ടം കൂടി ലീഗിന് താങ്ങാനായേക്കില്ല.

നിലവിലെ നിയമസഭയില്‍ 15 എം.എല്‍.എമാരാണ് ലീഗിനുള്ളത്. പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസിന്റെ എം.എല്‍.എമാരുടെ എണ്ണം വെറും 21 മാത്രമാണ്. അതുകൊണ്ട് തന്നെ മുന്നണി മാറ്റം ലീഗിന് നേട്ടമുണ്ടാക്കും. എന്നാല്‍ അത് എല്‍.ഡി.എഫിനുണ്ടാകുന്ന ഗുണത്തേക്കാല്‍ വലിയ അടിയാകുന്നത് കോണ്‍ഗ്രസിനാകും എന്നത് തീര്‍ച്ചയാണ്.

Content Highlight:  short analytical story about Muslim league entry on LDF

ഡൂള്‍ന്യൂസ് ഡെസ്‌ക്