| Sunday, 3rd November 2024, 1:20 pm

റെയില്‍വേക്കെതിരെ കേസെടുക്കണം: ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടത്തില്‍ റെയില്‍വേ കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ഷൊര്‍ണൂരിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ റെയില്‍വേക്കെതിരെ കേസെടുക്കണമെന്ന് റെയില്‍വേ കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് യൂണിയന്‍. സംഭവത്തില്‍ റെയില്‍വേക്ക് സുരക്ഷാ വീഴ്ചയുണ്ടായെന്നും റെയില്‍വേക്കെതിരെ കേസ് എടുക്കണമെന്നും യൂണിയന്‍ പറഞ്ഞു.

ശുചീകരണ തൊഴിലാളികളായ ഇവര്‍ക്കൊപ്പം സൂപ്പര്‍വൈസര്‍മാര്‍ ഉണ്ടായിരുന്നില്ലെന്നും തൊഴിലാളികള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നില്ലെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി.

‘ഏത് തരത്തിലുള്ള കോണ്‍ട്രാക്ടിലൂടെ നിയോഗിക്കപ്പെട്ടാലും തൊഴിലെടുക്കുന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് റെയില്‍വേയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ അത്തരത്തിലുള്ള പരിഗണനകളൊന്നും നല്‍കുന്നില്ലെന്നതാണ് ഇന്നത്തെ അവസ്ഥ. അതിന്റെ പരിണിത ഫലമായാണ് ഈ ദുരന്തം സംഭവിച്ചത്,’ യൂണിയന്‍ പ്രസിഡന്റ് ആര്‍.ജി. പിള്ള കൂട്ടിച്ചേര്‍ത്തു.

‘സ്ഥലം പോലും പരിചയമില്ലാത്ത തൊഴിലാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കോണ്‍ട്രാക്ടറുടെ സൂപ്പര്‍വൈസര്‍ ഉണ്ടായിരുന്നില്ല. റെയില്‍വേയുടെ സുരക്ഷയും തൊഴിലാളികളുടെ സുരക്ഷയുമാണ് ലംഘിക്കപ്പെട്ടത്,’ ആര്‍.ജി. പിള്ള പറഞ്ഞു.

ആദ്യമായാണ് റെയില്‍വേയുടെ കരാര്‍ ജോലിക്ക് തമിഴ്‌നാട് സ്വദേശികളായ റാണി, വല്ലി, ലക്ഷ്മണന്‍, ലക്ഷ്മണന്‍ എന്നിവര്‍ പോയത്. റെയില്‍വേയില്‍ മുന്‍പരിചയമില്ലാത്ത തൊഴിലാളികളാണ് ഇവരെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്നലെ വൈകീട്ട് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസ് തട്ടിയാണ് ശുചീകരണ തൊഴിലാളികള്‍ക്ക് അപകടമുണ്ടായത്. മൂന്ന് പേരുടെ മൃതദേഹം അപ്പോള്‍ തന്നെ ലഭിച്ചിരുന്നു. എന്നാല്‍ ഒരാള്‍ ട്രെയിന്‍ തട്ടി ഭാരതപ്പുഴയിലേക്ക് വീണതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലക്ഷ്മണ്‍ എന്ന് പേരുള്ള തമിഴ്‌നാട് സ്വദേശിക്കായി തെരച്ചില്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പത്ത് പേരാണ് ഷൊര്‍ണൂര്‍ റെയില്‍വേയിലെ ചെറുതുരുത്തി പാലത്തില്‍ ശുചീകരണത്തിന് എത്തിയിരുന്നത്. ഇവരില്‍ നാല് പേര്‍ അപകടത്തില്‍പ്പെടുകയും ആറ് പേര്‍ രക്ഷപ്പെടുകയുമായിരുന്നു. ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തില്‍പ്പെട്ടത്.

Shornur train accident; Railways should also be sued: Railway Contract Workers Union

We use cookies to give you the best possible experience. Learn more