| Monday, 15th July 2024, 5:25 pm

മറിമായം കണ്ടിട്ടാണ് മമ്മൂക്ക എന്നെ ആ സിനിമയിലേക്ക് വിളിച്ചത്: ഷൊര്‍ണൂര്‍ മണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

13 വര്‍ഷമായി മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന സറ്റയര്‍ പ്രോഗ്രാമാണ് മറിമായം. ആനുകാലിക വിഷയങ്ങളെ നര്‍മത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിക്കുന്ന പരിപാടി ഇപ്പോള്‍ സിനിമയിലേക്ക് കടക്കുകയാണ്. പഞ്ചായത്ത് ജെട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് മറിമായത്തിലെ താരങ്ങള്‍ തന്നെയാണ്.

മറിമായത്തില്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നവരില്‍ പ്രധാനിയാണ് മണി ഷൊര്‍ണൂര്‍. ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമയിലേക്ക് കടന്ന മണി ആദ്യ സിനിമയില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ്. നിസാം ബഷീറിന്റെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ റോഷാക്കിലൂടെയാണ് മണി സിനിമയിലേക്ക് കടന്നു വന്നത്. മറിമായം കാരണമാണ് തനിക്ക് സിനിമയില്‍ അവസരം ലഭിച്ചതെന്ന് മണി പറഞ്ഞു.

മറിമായം കണ്ടാണ് മമ്മൂട്ടി തന്നെ റോഷാക്കിലേക്ക് വിളിച്ചതെന്നും മമ്മൂട്ടി മുടങ്ങാതെ കാണുന്ന ഒരേയൊരു പരിപാടി മറിമായമാണെന്നും മണി കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിക്കമ്പനിയാണ് തനിക്ക് ആദ്യമായി സിനിമയില്‍ അവസരം തന്നതെന്നും ഏറ്റവും അവസാനം മമ്മൂട്ടി നിര്‍മിച്ച ടര്‍ബോയിലും തനിക്ക് അവസരം ലഭിച്ചെന്നും മണി പറഞ്ഞു. പഞ്ചായത്ത് ജെട്ടിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് മണി ഇക്കാര്യം പറഞ്ഞത്.

‘കഴിഞ്ഞ 13 വര്‍ഷമായി മറിമായം ഫാമിലിയുടെ ഭാഗമാണ് ഞാന്‍. ഒന്നുമല്ലാതിരുന്ന മണിയെ ഷൊര്‍ണൂര്‍ മണിയാക്കിയത് മറിമായമാണ്. അതുവഴിയാണ് എനിക്ക് സിനിമയില്‍ അവസരം ലഭിച്ചത്. മറിമായം കണ്ടിട്ടാണ് മമ്മൂക്ക എന്നെ റോഷാക്കിലേക്ക് വിളിച്ചതെന്ന് ആ സിനിമയുടെ സെറ്റിലെത്തിയപ്പോഴാണ് ഞാന്‍ അറിയുന്നത്. മമ്മൂക്ക മുടങ്ങാതെ കാണുന്ന ഒരോയൊരു പ്രോഗ്രാം മറിമായമാണെന്ന് എനിക്ക് അന്ന് മനസിലായി.

എന്റെ ആദ്യത്തെ സിനിമ നിര്‍മിച്ചത് മമ്മൂക്കയാണ്. ഏറ്റവുമൊടുവില്‍ അഭിനയിച്ച ടര്‍ബോയും മമ്മൂക്ക തന്നെയാണ് നിര്‍മിച്ചത്. ഇതെല്ലാം എനിക്ക് തന്നത് മറിമായമാണ്,’ മണി ഷൊര്‍ണൂര്‍ പറഞ്ഞു.

Content Highlight: Shornur Mani shares the shooting experience of Rorschach with Mammootty

We use cookies to give you the best possible experience. Learn more