Entertainment news
റാമിനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതില്‍ എക്‌സൈറ്റഡ് ആണ്; നിവിന്‍ പോളിയുടെ മൂന്നാം തമിഴ് ചിത്രത്തിന്റ ഷൂട്ടിംഗ് ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 05, 07:59 am
Tuesday, 5th October 2021, 1:29 pm

നിവിന്‍ പോളിയെ നായകനാക്കി സംവിധായകന്‍ റാം അണിയിച്ചൊരുക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് രാമേശ്വരത്ത് ആരംഭിച്ചു.

ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ തമിഴ് സംവിധായകന്‍ മാരി സെല്‍വരാജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. മുന്‍പ് ചിത്രത്തിന്റെ ടീസര്‍ പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടായിരുന്നു നിവിന്‍ പുതിയ തമിഴ് സിനിമയുടെ കാര്യം പ്രഖ്യാപിച്ചത്.

”അവാര്‍ഡ് ജേതാവായ സംവിധായകന്‍ റാമിനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതില്‍ വളരെ എക്‌സൈറ്റഡ് ആണ്. പുതിയ പ്രോജക്ടില്‍ സൂരി, അഞ്ജലി എന്നിവരുമുണ്ട്. സംഗീതമൊരുക്കുന്നത് റോക്ക്‌സ്റ്റാര്‍ യുവാന്‍ ശങ്കര്‍ രാജ,” എന്നായിരുന്നു നിവിന്‍ പോളി ട്വിറ്ററില്‍ കുറിച്ചത്.

അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധാനം യുവാന്‍ ശങ്കര്‍ രാജ.

നടി അഞ്ജലിയും ചിത്രത്തിന്റെ വിശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ”റാം സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് എപ്പോഴും സന്തോഷം തരുന്ന കാര്യമാണ്,” എന്നായിരുന്നു അഞ്ജലി പറഞ്ഞത്.

വി ഹൗസിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മിക്കുന്നത്.

2013ല്‍ റിലീസ് ചെയ്ത നേരം, 2017ലെ ആക്ഷന്‍ ചിത്രം റിച്ചി എന്നിവയാണ് നിവിന്‍ പോളി മുമ്പ് അഭിനയിച്ച തമിഴ് സിനിമകള്‍. മമ്മൂട്ടി നായകനായ പേരന്‍പ് ആണ് റാമിന്റെ സംവിധാനത്തില്‍ അവസാനം റിലീസ് ചെയ്ത ചിത്രം.

2013ല്‍ പുറത്തിറങ്ങിയ റാം സംവിധാനം ചെയ്ത തങ്ക മീന്‍കള്‍ ദേശീയ അവാര്‍ഡുകള്‍ നേടിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: shooting of director Ram’s movie starring Nivin Pauly began in Rameswaram