| Sunday, 17th January 2021, 6:54 pm

പുറത്ത് യൂട്യൂബര്‍മാരുടെ ബഹളം, ആളനക്കമില്ലാതെ കാട് പിടിച്ച് മീനുക്കുട്ടിയുടെയും ആനപ്പാറ അച്ചാമ്മയുടെയും വീട് 

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ ലാലും രേഖയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ഏയ് ഓട്ടോ എന്ന സിനിമ കണ്ടവരാരും ചിത്രത്തില്‍ രേഖ അവതരിപ്പിച്ച കഥാപാത്രമായ മീനുക്കുട്ടി താമസിക്കുന്ന വീട് മറക്കാന്‍ സാധ്യതയില്ല. സിനിമയിലെ അനേകം സീനുകള്‍ ഈ വീട്ടില്‍ വെച്ചാണ് ചിത്രീകരിച്ചത്.

മോഹന്‍ലാലിന്റെ കഥാപാത്രമായ സുധി മീനുക്കുട്ടിയെ ഓട്ടോയില്‍ കൊണ്ടുവിടാനായി എത്തിക്കൊണ്ടിരുന്ന ഇതേ വീട് തന്നെയാണ് ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ ഫിലോമിനയുടെ കഥാപാത്രമായ ആനപ്പാറ അച്ചാമ്മയുടെയും വീടായി മാറിയത്.

മലയാളത്തിലെ രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ മുഖ്യ ലൊക്കേഷനായ കോഴിക്കോട് ആഴ്ചവട്ടത്തെ ഈ വീടിന് മുന്നില്‍ ഇപ്പോള്‍ യൂട്യൂബര്‍മാരുടെയും വ്‌ളോഗര്‍മാരുടെയും തിരക്കാണ്. എന്നാല്‍ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ഈ വീട്ടിലേക്ക് പ്രവേശിക്കാന്‍ ആര്‍ക്കും അനുവാദമില്ല. എങ്കിലും പുറത്ത് നിന്ന് വീഡിയോകളും ചിത്രങ്ങളും പകര്‍ത്താനായി നിരവധി പേരെത്തുന്നുണ്ട്.

80 വര്‍ഷം പഴക്കമുള്ള, രണ്ടേക്കറിലധികം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീട് മാങ്കാവ് ആഴ്ച്ചവട്ടത്തെ ഗോവിന്ദന്‍ വൈദ്യരുടെ തറവാടായിരുന്നു. ഗോവിന്ദന്‍ വൈദ്യരുടെ മൂന്ന് മക്കളില്‍ രണ്ടുപേരും മരിച്ചു. ജീവിച്ചിരിക്കുന്നത് മകള്‍ സുഭാഗ്യ മാത്രമാണ്. അവര്‍ ആഴ്ചവട്ടത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ചാലപ്പുറത്താണ് ഇപ്പോള്‍ താമസം.

പത്ത് വര്‍ഷത്തിലധികമായി ആളനക്കമില്ലാതെ കാട് കയറി കിടക്കുകയാണ് ഈ വീട്. വീടിന്റെ അടുക്കള ഭാഗം ഏതാണ്ട് തകര്‍ന്നിരിക്കുകയാണ്. പരിസരം മുഴുവന്‍ കാട്ടുപൊന്തകള്‍ നിറഞ്ഞ നിലയിലും. നഗരമധ്യത്തോട് ചേര്‍ന്നുള്ള കണ്ണായ ഭൂമിയിലേക്കും വീട്ടിലേക്കും ആരും വരാറില്ല. ഭൂമിയും വീടും നോക്കുന്നത് നല്ലളം സ്വദേശിയായ കാര്യസ്ഥന്‍ മന്‍സൂറാണ്.

വേണുനാഗവള്ളിയുടെ സംവിധാനത്തില്‍ മണിയന്‍പിള്ള രാജു നിര്‍മിച്ച ഏയ് ഓട്ടോ 1990 ജനുവരി ഒന്നിനാണ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷ ഡ്രൈവറായ സുധിയുടെയും സമ്പന്ന കുടുംബത്തിലെ യുവതിയായ മീനുക്കുട്ടിയുടെയും പ്രണയമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. മീനുക്കുട്ടിയുടെ മുത്തച്ഛനായ കൃഷ്ണപിള്ളയുടെ വീടായാണ് ആഴ്ചവട്ടത്തെ വീട് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

അഞ്ഞൂറാന്റെയും ആനപ്പാറ അച്ചാമ്മയുടെയും കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെയും ബദ്ധശത്രുതയുടെയും കഥ പറഞ്ഞ ഗോഡ്ഫാദറില്‍ ആനപ്പാറ അച്ചമ്മയുടെ തറവാടായാണ് ഈ വീട് ചിത്രീകരിച്ചിരിക്കുന്നത്. ഫിലോമിനയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘പനിനീര് തളിയാനേ…’ എന്ന ഡയലോഗും സീനും ചിത്രീകരിച്ചതും ഈ വീടിന് മുന്നില്‍ വെച്ചായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more