Sports News
ഖേല്‍ രത്‌ന നോമിനേഷനില്‍ നിന്ന് ഷൂട്ടര്‍ മനു ഭാക്കറിനെ ഒഴിവാക്കി; പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും അത്‌ലറ്റ് പ്രവീണ്‍ കുമാറും ലിസ്റ്റില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 23, 05:21 am
Monday, 23rd December 2024, 10:51 am

ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ നോമിനേഷന്‍ ലിസ്റ്റില്‍ ഇന്ത്യയുടെ ഷൂട്ടര്‍ മനു ഭാക്കറിന്റെ പേര് ഉള്‍പ്പെടുത്തിയില്ല. ഒളിമ്പിക്‌സിന്റെ ഒരു സീസണില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒന്നില്‍ കൂടുതല്‍ മെഡലുകള്‍ നേടുന്ന താരമാണ് മനു ഭാക്കര്‍.

അതേസമയം ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിങ്, പാരീസ് പാരാലിമ്പിക്‌സില്‍ പുരുഷ വിഭാഗം ഹൈജംമ്പില്‍ ഏഷ്യന്‍ റെക്കോഡോടെ സ്വര്‍ണം നേടിയ പാരാ അത്‌ലറ്റ് പ്രവീണ്‍ കുമാറും നോമിനേഷനില്‍ ഉള്‍പ്പെട്ടു.

12അംഗങ്ങളടങ്ങിയ സെലക്ഷന്‍ കമ്മിറ്റി പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്ത പട്ടികയിലാണ് മനു ഭാക്കറിനെ ഒഴിവാക്കിയത്. റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി. രാമസുബ്രമണ്യത്തിന്റെ നേതൃത്വത്തിലുള്ളതാണ് സെലക്ഷന്‍ കമ്മിറ്റി.


അതേസമയം മനു ഭാക്കര്‍ അവാര്‍ഡിനായി അപേക്ഷിച്ചിട്ടില്ലെന്നാണ് കായികമന്ത്രാലയം പറയുന്നത്. എന്നാല്‍ അപേക്ഷ അയച്ചിട്ടുണ്ടെന്നും തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നും മനു ഭാക്കറിന്റെ കുടുംബത്തോട് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

2024ല്‍ നടന്ന പാരീസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് മെഡലുകള്‍ നേടി മിന്നും പ്രകടനമാണ് മനു ഭാക്കര്‍ നടത്തിയത്. 2024 പാരിസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ വെങ്കല മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാനും മനുവിന് സാധിച്ചിരുന്നു.

പാരീസ് ഒളിമ്പിക്സിലെ വെങ്കല മെഡലുകള്‍, ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, യൂത്ത് ഒളിമ്പിക് ഗെയിംസ് എന്നിവയിലെ സ്വര്‍ണ മെഡലുകള്‍ എന്നിവ മനു ഭാക്കര്‍ വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കി ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഇന്ത്യന്‍ വനിതാ ഷൂട്ടറായി മാറിയിരുന്നു.

 

Content Highlight: Shooter Manu Bhakar has been left out of the Khel Ratna nomination