| Monday, 24th February 2020, 5:35 pm

' ഷൂട്ട് അറ്റ് സൈറ്റ് '; പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നവരെ വെടിവെച്ചുകൊല്ലാന്‍ നിയമം കൊണ്ടുവരണമെന്ന് കര്‍ണാടക മന്ത്രി; മോദിക്ക് കത്തെഴുതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്ന ആളുകളെ വെടിവെച്ചു കൊല്ലണമെന്നും അത്തരമൊരു നിയമം ഇവിടെ നടപ്പിലാക്കേണ്ടതുണ്ടെന്നും കര്‍ണാടക കൃഷി മന്ത്രി ബി.സി പാട്ടീല്‍.

ബെംഗളൂരുവില്‍ എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേയായിരുന്നു ഇത്തരക്കാരെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടതെന്ന പ്രസ്താവന മന്ത്രി നടത്തിയത്.

” എന്റെ അഭിപ്രായത്തില്‍ ഇവിടെ ഒരു പുതിയ നിയമത്തിന്റെ ആവശ്യമുണ്ട്. ഷൂട്ട് അറ്റ് സൈറ്റ് ലോ. ഇന്ത്യയെ മോശമാക്കി സംസാരിക്കുന്നവരേയും പാക്കിസ്ഥാനെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യം വിളിക്കുന്നവരേയും കൈകാര്യംചെയ്യാന്‍ ഉതകുന്നതായിരിക്കണം ഇത്. ”- മന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന രാജ്യദ്രോഹികളെ കൈകാര്യം ചെയ്യാന്‍ ഇത്തരത്തിലുള്ള ചില നിയമങ്ങള്‍ കൊണ്ടുവരുന്നത് അത്യാവശ്യമായി വന്നിരിക്കുകയാണെന്നും ഇത്തരമൊരു ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാക്കിസ്ഥാനെ പ്രകീര്‍ത്തിക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവര്‍ ഇന്ത്യയില്‍ സുഖമായി ജീവിക്കുകയും ഇന്ത്യയിലെ വായുവും വെള്ളവും ഭക്ഷണവും ഉപയോഗിക്കുകയും ചെയ്യുന്നു. എന്നിട്ടും എന്തിന് വേണ്ടിയാണ് അവര്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നത്. ചൈനയിലാണെങ്കില്‍ സ്വന്തം രാജ്യത്തിനെതിരെ വാ തുറക്കാന്‍ പോലും അവിടെയുള്ളവര്‍ ഭയപ്പെടും”, എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ധനമന്ത്രി അനുരാഗ് താക്കൂര്‍ ഇത്തരത്തില്‍ പ്രതിഷേധിക്കുന്നവരെ വെടിവെച്ചുകൊല്ലണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം ദല്‍ഹി തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടേണ്ടി വന്നത് ഇത്തരം പ്രസ്താവനകളെ തുടര്‍ന്നാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് തന്നെ സമ്മതിക്കേണ്ടി വന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more