കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പം നില്‍ക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസില്‍ ജനപക്ഷം നേതാവ് പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ചൊവ്വാഴ്ച കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷോണിന് നോട്ടീസ് നല്‍കി.
മാധ്യമപ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന് ഷോണ്‍ അയച്ചെന്നാണ് കേസ്.
ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ വന്നത് ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ കോണ്‍ടാക്ടില്‍ നിന്നാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍. എം.വി. നികേഷ് കുമാര്‍, പ്രമോദ് രാമന്‍, ടി.ബി. മിനി, സന്ധ്യ ഐ.പി.എസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടാരക്കര, അതിജീവിതയുടെ അഭിഭാഷക തുടങ്ങിയവരുടെ പേരിലാണ് വ്യാജ വാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മിച്ചത്.
‘ദിലീപിനെ പൂട്ടണം’ എന്ന പേരിലായിരുന്നു ഗ്രൂപ്പ്. ദിലീപ് ആരാധകര്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് ഇത് നിര്‍മിച്ചതെന്നാണ് സൂചനകള്‍.
അനൂപിന് സ്‌ക്രീന്‍ ഷോട്ട് അയച്ചത് ഷോണ്‍ ജോര്‍ജിന്റെ ഐ ഫോണില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഷോണിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഈ ഫോണ്‍ കണ്ടെത്താനായിട്ടായിരുന്നു പരിശോധന.
പരിശോധനയില്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍, 5 മെമ്മറി കാര്‍ഡുകള്‍, രണ്ട് ടാബുകള്‍ എന്നിവ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.
സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ പരാതയില്‍ വ്യാജരേഖ നിര്‍മിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പ് ചേര്‍ത്താണ് അന്വേഷണം.
അതേസമയം, താന്‍ ചാറ്റുകള്‍ നിര്‍മിച്ച് നല്‍കിയിട്ടില്ലെന്നും അഭിഭാഷകനായ താന്‍ അത്തരം മണ്ടത്തരം കാണിക്കില്ലെന്നുമാണ് കഴിഞ്ഞദിവസം ഷോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ദിലീപുമായി തനിക്ക് നല്ല ആത്മബന്ധമാണുള്ളതെന്നും ഷോണ്‍ പറഞ്ഞിരുന്നു.
റെയ്ഡിനെതിരെ പി.സി. ജോര്‍ജും രംഗത്തെത്തിയിരുന്നു. ലാവ്‌ലിന്‍ കേസില്‍ ഉടന്‍ വിധി വന്നാല്‍ പിണറായി ജയിലിലേക്കു പോകേണ്ടിവരുമെന്നും, കേസിന്റെ കാര്യം വാര്‍ത്തയാകാതിരിക്കാനാണ് തന്റെ വീട് റെയ്ഡ് ചെയ്യുന്നതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
Content Highlight: Shone George will be questioned by Crime Branch tomorrow