കോട്ടയം: മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനെതിരെ കുപ്രചാരണങ്ങള്‍ നടന്നുവെന്ന് ജനപക്ഷം പാര്‍ട്ടി നേതാവ് ഷോണ്‍ ജോര്‍ജ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
ഒരു ചരിത്ര സിനിമയില്‍ എന്താണോ ഉണ്ടാകേണ്ടത് അതെല്ലാം ഈ സിനിമയിലുണ്ടെന്നും തന്റെ അഭിപ്രായത്തില്‍ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് മരക്കാറെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
അടുത്ത സുഹൃത്തുക്കളോട് മരക്കാര്‍ സിനിമ കാണാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്തോ വലിയ പാപം ചെയ്യാന്‍ പോകുന്ന രീതിയിലാണ് അവരെല്ലാം എന്നോട് പെരുമാറിയത്. തിയേറ്ററില്‍ ചെന്നപ്പോഴും മറ്റൊരു സിനിമ കാണാന്‍ നില്‍ക്കുന്നവര്‍ ഞങ്ങളെ പരിഹാസത്തോടെയാണ് നോക്കിയത്. കാരണം ഈ സിനിമയെക്കുറിച്ച് സമൂഹത്തില്‍ പ്രചരിച്ചിരിക്കുന്ന അപഖ്യാതികള്‍ അത്ര വലുതായിരുന്നെന്നും ഷോണ്‍ പറഞ്ഞു.
അവസാനം വരെയും കണ്ടപ്പോഴും ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ ഒരു സിനിമ. ഒരു ചരിത്ര സിനിമ ചരിത്രത്തെ വളച്ചൊടിക്കാതെ നിര്‍മ്മിച്ചു എന്നതാണോ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്ത തെറ്റെന്നും അദ്ദേഹം ചോദിച്ചു.
പ്രേക്ഷകരെയും സ്വാധീനിക്കാന്‍ തക്ക രീതിയില്‍ കുപ്രചരണങ്ങള്‍ ഈ സിനിമയ്‌ക്കെതിരെ നടന്നു എന്ന് സിനിമ കണ്ട താന്‍ സാക്ഷ്യപ്പെടുത്തുന്നെന്നും ഒരു ചരിത്ര സിനിമയില്‍ എന്താണോ ഉണ്ടാകേണ്ടത് അതെല്ലാം ഈ സിനിമയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷോണ്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
കുറച്ച് ദിവസമായി എന്റെ മോന്‍ അപ്പൂസിന് കുറുപ്പ് സിനിമയിലെ പാട്ടുകള്‍ എല്ലാം കേട്ട് വലിയ ആഗ്രഹം കുറുപ്പ് സിനിമ. കാണണമെന്ന്. രണ്ടാഴ്ചയായി എന്നോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും സമയക്കുറവ് മൂലം എനിക്ക് അതിന് സാധിച്ചില്ല. എന്നാല്‍ ഇന്നലെ പോയേക്കാം എന്നു വിചാരിച്ച് തീയേറ്ററില്‍ വിളിച്ചു ചോദിച്ചപ്പോള്‍ കുറുപ്പ് സിനിമ മാറിപ്പോയി എന്നും മരക്കാറും,മറ്റൊരു സിനിമയുമാണ് പ്രദര്‍ശിപ്പിക്കുന്നത് എന്നും അറിയാന്‍ കഴിഞ്ഞു. കുറുപ്പ് സിനിമ ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാം എന്ന് വിചാരിച്ചാണ് വീട്ടില്‍ ചെന്നത്. എന്നാല്‍ വേറെ ഏതെങ്കിലും സിനിമയ്ക്ക് പോകാം അപ്പാ എന്ന് അവന്റെ ആവശ്യം അംഗീകരിച്ച് മരക്കാര്‍ സിനിമ കാണാന്‍ തീരുമാനിച്ചു.
എന്നാല്‍ അടുത്ത സുഹൃത്തുക്കളോട് മരക്കാര്‍ സിനിമ കാണാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്തോ വലിയ പാപം ചെയ്യാന്‍ പോകുന്ന രീതിയിലാണ് അവരെല്ലാം എന്നോട് പെരുമാറിയത്. തിയേറ്ററില്‍ ചെന്നപ്പോഴും മറ്റൊരു സിനിമ കാണാന്‍ നില്‍ക്കുന്നവര്‍ ഞങ്ങളെ പരിഹാസത്തോടെയാണ് നോക്കിയത്.കാരണം ഈ സിനിമയെക്കുറിച്ച് സമൂഹത്തില്‍ പ്രചരിച്ചിരിക്കുന്ന അപഖ്യാതികള്‍ അത്ര വലുതായിരുന്നു. അപ്പോള്‍ ഞാന്‍ വിചാരിച്ചു എന്നാല്‍ സിനിമ കണ്ടിട്ടേയുള്ളു എന്ന്.
വളരെ മോശമായിരിക്കും എന്ന കാഴ്ചപ്പാടിലാണ് ഓരോ മിനിറ്റും സിനിമ കണ്ടത് ഇന്റര്‍വെല്‍ ആയപ്പോള്‍ ഭാര്യയോട് ചോദിച്ചു ഇത്രയും ആളുകള്‍ മോശം പറയുന്ന ഈ സിനിമയില്‍ ഇതുവരെ എനിക്ക് കുഴപ്പം ഒന്നും തോന്നിയില്ല നിനക്ക് എന്തെങ്കിലും തോന്നിയോ എന്ന്..ഞാനും അതാണ് അച്ചായാ ഓര്‍ത്തത് തനിക്കും ഒരു കുഴപ്പവും തോന്നിയിട്ടില്ല എന്ന്. എന്നാല്‍ ഇന്റര്‍വെല്ലിന് ശേഷമായിരിക്കും മോശം എന്ന് ആളുകള്‍ പറഞ്ഞതെന്ന് വിചാരിച്ച് സിനിമ കാണല്‍ തുടര്‍ന്നു.
അവസാനം വരെയും കണ്ടപ്പോഴും ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ ഒരു സിനിമ. ഒരു ചരിത്ര സിനിമ ചരിത്രത്തെ വളച്ചൊടിക്കാതെ നിര്‍മ്മിച്ചു എന്നതാണോ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്ത തെറ്റ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല. എന്ത് തന്നെയായാലും നിക്ഷ്പക്ഷമായി പറയട്ടെ ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങള്‍ ആസൂത്രിതമാണെന്ന് പലരും പറഞ്ഞിട്ടും ഞാന്‍ വിശ്വസിച്ചില്ല കാരണം പ്രേക്ഷകര്‍ ആണല്ലോ ഒരു ചിത്രം നല്ലതാണോ മോശമാണോ എന്ന് തീരുമാനിക്കുന്നത്.
എന്നാല്‍ ആ പ്രേക്ഷകരെയും സ്വാധീനിക്കാന്‍ തക്ക രീതിയില്‍ കുപ്രചരണങ്ങള്‍ ഈ സിനിമയ്‌ക്കെതിരെ നടന്നു എന്ന് സിനിമ കണ്ട ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു ചരിത്ര സിനിമയില്‍ എന്താണോ ഉണ്ടാകേണ്ടത് അതെല്ലാം ഈ സിനിമയിലുണ്ട്. എന്റെ അഭിപ്രായത്തില്‍ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് ഇത്… എല്ലാവരും കണ്ടിരിക്കേണ്ട സിനിമ.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Shone George says that Marakkar Arabikadalinte simham is a movie that any Malayalee can be proud of