തിരുവനന്തപുരം: പി.സി. ജോര്‍ജിന്റെ അറസ്റ്റ് തൃക്കാക്കര തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നാടകമാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. മാധ്യമങ്ങള്‍ പോലും പറയാന്‍ പേടിക്കുന്ന കാര്യം തുറന്നുപറഞ്ഞതാണ് പി.സി. ജോര്‍ജ് ചെയ്ത തെറ്റെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പി.സി. ജോര്‍ജ് സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും മത തീവ്രവാദത്തിനെതിരാണെന്നും ഇസ്‌ലാമിനെതിരെയല്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. പി.സി. ജോര്‍ജിന്റെ പ്രസംഗത്തില്‍ മതവിദ്വേഷത്തിന്റെ എലമെന്റില്ലെന്നും അദ്ദേഹം പറഞ്ഞത് സ്റ്റാറ്റിക്സാണെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു.
സ്റ്റാറ്റിക്സ് പറയുന്നതിന്റെ തെറ്റ് എന്താണ്. സ്റ്റാറ്റിക്സ് പറയുമ്പോള്‍ ആര്‍ക്കെങ്കിലും വേദനിക്കുന്നുണ്ടെങ്കില്‍ അതിനെ ജനറലൈസ് ചെയ്യരുത്. മതതീവ്രവാദ സംഘടനകളും മാധ്യമങ്ങളും പി.സിയുടെ പരാമര്‍ശം ഇസ്‌ലാമിക സമൂഹത്തിനെതിരാക്കാനാണ് ശ്രമിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പി.സി.ജോര്‍ജ് ആരോഗ്യവാനാണെന്നും എല്ലാവരും കൊല്ലാന്‍ നില്‍ക്കുമ്പോള്‍ ആശ്രയം കോടതിയാണെന്നും ഷോണ്‍ പറഞ്ഞു.
‘ഒരു മണിക്കൂറെങ്കിലും പി.സി. ജോര്‍ജിനെ ജയിലിലിട്ട് ആരെയോ ബോധ്യപ്പെടുത്തണം പിണറായിക്ക്, അദ്ദേഹം പറഞ്ഞത് സ്റ്റാറ്റിക്സ്, അതിലെന്താണ് തെറ്റ്,’ ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി വിദേശത്ത് നിന്ന് എത്തിയ ശേഷം ആദ്യം വിളിച്ച യോഗം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ചര്‍ച്ചചെയ്യാനല്ലെന്നും പി.സി.ജോര്‍ജിനെ കുടുക്കാനാണെന്നും ഷോണ്‍ പറഞ്ഞു.
അതേസമയം, മതവിദ്വേഷ പ്രസംഗക്കേസില്‍ പി.സി. ജോര്‍ജിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് മാറ്റി. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.