|

നേടിയത് 17 റൺസ്, സ്വന്തമാക്കിയത് ചരിത്രനേട്ടം; ഇനി മുന്നിലുള്ളത് ഗെയ്ൽ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ക്രിക്കറ്റില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് പാകിസ്ഥാന്‍ താരം ഷൊയിബ് മാലിക്.  ബംഗ്ലാദേശ് പ്രിമീയര്‍ ലീഗില്‍ ഫോര്‍ചൂണ്‍ ബാരിഷല്‍-റങ്ക്പൂര്‍ റൈഡേഴ്‌സ് മത്സരത്തിലാണ് താരം നേട്ടം സ്വന്തമാക്കിയത്.  ഫോര്‍ചൂണ്‍ ബാരിഷലിന് വേണ്ടി പുറത്താവാതെ 18 പന്തില്‍ 17 റണ്‍സാണ് ഷൊയിബ് നേടിയത്.

ഇതിനു പിന്നാലെയാണ്  പാകിസ്ഥാന്‍ താരം ചരിത്രം നേട്ടം സ്വന്തമാക്കിയത്. .ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ 13000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന ചരിത്രനേട്ടത്തിലേക്കാണ് ഷൊയിബ് മാലിക് നടന്നുകയറിയത്. 526 ടി-20 മത്സരങ്ങളില്‍ 487 ഇന്നിങ്‌സില്‍ നിന്നും 13010 റണ്‍സാണ് മാലിക്കിന്റെ സമ്പാദ്യം. 36.44 ആണ് താരത്തിന്റെ ആവറേജ്.

ഇതിന് മുമ്പ് ടി-20യില്‍ ഈ നേട്ടം കൈവരിച്ചത് വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ്ല്‍ ആണ്. മറ്റൊരു നേട്ടവും മാലിക് സ്വന്തം പേരില്‍ കുറിച്ചു. ടി-20 ക്രിക്കറ്റില്‍ 13000 റണ്‍സ് നേടുന്ന ആദ്യ ഏഷ്യന്‍ താരമെന്ന നേട്ടവും പാക് താരം സ്വന്തമാക്കി.

ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം, റണ്‍സ്, മത്സരങ്ങള്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ 14562- (463)

ഷോയിബ് മാലിക്- 13010 (526)

കീറോൺ പൊള്ളാര്‍ഡ്-12454(641)

വിരാട് കോഹ്‌ലി-11994(376)

അലക്‌സ് ഹെയ്ല്‍സ്- 11807(427)

ഡേവിഡ് വാര്‍ണര്‍-11745 (358)

ആരോണ്‍ ഫിഞ്ച്-11458 (387)

രോഹിത് ശര്‍മ-11156 (426)

ജോസ് ബട്‌ലര്‍-10907 (396)

കോളിന്‍ മണ്‍റോ-10446 (408)

അതേസമയം മത്സരത്തില്‍ ടോസ് നേടിയ ഫോര്‍ച്ചുണ്‍ ബാരിയസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റാണ്‍പൂര്‍ റൈഡഴ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്.

ബാരിഷല്‍ ബൗളിങ് നിരയില്‍ ഖാലിദ് മുഹമ്മദ് നാല് വിക്കറ്റും മെഹിദി ഹസന്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. റാണ്‍പൂര്‍ ബാറ്റിങ് നിരയില്‍ ഷമീം ഹുസൈന്‍ 34 റണ്‍സും മെഹദി ഹസന്‍ 29 നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫോര്‍ച്ചൂണ്‍ 19.1 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ ബാക്കി  നില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. ബാരിഷലിന്റെ ബാറ്റിങ്ങില്‍ തമീം ഇക്ബാല്‍ 35 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ജയത്തോടെ ബംഗ്ലാദേശ് പ്രമീയര്‍ ലീഗ് പോയിന്റ് ടേബിളില്‍ രണ്ടുപോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബാരിഷല്‍. ജനുവരി 21ന്  കുന്‍ലാ ടൈഗേഴ്സിനെതിരെയാണ് ഫോര്‍ച്ചൂണ്‍ ബാരിയേഴ്‌സിന്റെ അടുത്ത മത്സരം.

Content Highlight: Shoib Malik become the second player to score 13000 runs in T20 format.