ഐ.സി.സി ടി-20 ലോകകപ്പിന്റെ ആവേശകരമായ ഫൈനല്‍ നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയുമാണ് കിരീട പോരാട്ടത്തിനായി നേര്‍ക്കുനേര്‍ എത്തുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇരുടീമുകളും ഫൈനലിലേക്ക് മുന്നേറിയത്.
തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാം ഐ.സി.സി കിരീടം സ്വന്തമാക്കാന്‍ ആയിരിക്കും ഏയ്ഡന്‍ മര്‍ക്രവും സംഘവും ലക്ഷ്യമിടുക. മറുഭാഗത്ത് 2007ല്‍ ധോണിയുടെ കീഴില്‍ നേടിയ ടി-20 ലോക കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിക്കാന്‍ ആയിരിക്കും രോഹിത് ശര്‍മയും കൂട്ടരും കലാശപോരാട്ടത്തിന് ഇറങ്ങുന്നത്.
ഫൈനല്‍ മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ ബാറ്റിങ് പൊസിഷനില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഷോയ്ബ് അക്തര്‍.
ഫൈനലില്‍ രോഹിത് ശര്‍മയും റിഷബ് പന്തും ഓപ്പണ്‍ ചെയ്യണമെന്നും കോഹ്‌ലി മൂന്നാം നമ്പറില്‍ കളിക്കണമെന്നുമാണ് അക്തര്‍ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ പാകിസ്ഥാന്‍ താരം.
‘റിഷബ് പന്തും രോഹിത് ശര്‍മയും ബാറ്റിങ് ഓപ്പണ്‍ ചെയ്യണം. വിരാട് കോഹ്‌ലിയെ തന്റെ ഇഷ്ടപ്പെട്ട മൂന്നാം നമ്പര്‍ പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ അനുവദിച്ചാല്‍ അത് വളരെ മികച്ചതാണ്. കോഹ്‌ലി സ്വാഭാവികമായും ഒരു ഓപ്പണര്‍ അല്ലാത്തതിനാല്‍ ബാറ്റിങ് സ്ഥാനത്ത് മാറ്റങ്ങള്‍ വരുത്തി വിരാട് ബാറ്റ് ചെയ്താല്‍ അത് ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. പകരം പന്ത് ഓപ്പണിങ് ഇറങ്ങുകയാണെങ്കില്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണാന്‍ സാധിക്കും,’ ഷോയ്ബ് അക്തര്‍ പറഞ്ഞു.
Content Highlight: Shoib Akther Talks about Virat Kohli