മത്സരത്തിൽ അവർ ഒരിക്കലും വിജയിക്കാൻ അർഹരല്ല: രൂക്ഷവിമർശനവുമായി അക്തർ
Cricket
മത്സരത്തിൽ അവർ ഒരിക്കലും വിജയിക്കാൻ അർഹരല്ല: രൂക്ഷവിമർശനവുമായി അക്തർ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th June 2024, 1:11 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി യു.എസ്.എ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സ് നേടിയത്.

ഒടുവില്‍ സൂപ്പര്‍ ഓവര്‍ വിധിയെഴുതിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എസ്.എക്ക് ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റിന് 13 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

പാകിസ്ഥാന്റെ ഇനി ഞെട്ടിക്കുന്ന തോല്‍വിയില്‍ നിരാശ പങ്കുവെച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഷോയ്ബ് അക്തര്‍. മത്സരം വിജയിക്കാന്‍ പാകിസ്ഥാന്‍ ഒരിക്കലും അര്‍ഹരല്ലെന്നാണ് അകതര്‍ പറഞ്ഞത്. തന്റെ അക്കൗണ്ടിലൂടെയുള്ള വീഡിയോയിലൂടെയാണ് മുന്‍ പാക് താരം പ്രതികരിച്ചത്.

‘പാകിസ്ഥാന്റെ ഈ തോല്‍വി വലിയ നിരാശാജനകമാണ്. യു.എസ്.എയോടേറ്റ തോല്‍വിയോടെ ഞങ്ങള്‍ക്ക് നല്ല തുടക്കമല്ല ലഭിച്ചത്. 1999 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ പരാജയപ്പെട്ടതുപോലെ വീണ്ടും ചരിത്രം ആവര്‍ത്തിച്ചു. പാകിസ്ഥാന്‍ ഒരിക്കലും വിജയിക്കാന്‍ അര്‍ഹരല്ല. യു.എസ്.എ വളരെ നന്നായാണ് കളിച്ചത്,’ ഷോയ്ബ് അക്തര്‍ പറഞ്ഞു.

ലോകകപ്പിന് മുന്നോടിയായി നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള നാല് ടി-20 മത്സരങ്ങളുടെ പരമ്പരയിലും 2-0ത്തിന് ബാബറും സംഘവും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്ക പാകിസ്ഥാനെ ഞെട്ടിക്കുകയായിരുന്നു. ജൂണ്‍ ഒമ്പതിന് ഇന്ത്യയ്‌ക്കെതിരെയാണ് ബാബറിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം.

അതേസമയം ജയത്തോടെ ഗ്രൂപ്പ് എ യില്‍ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് നാല് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അമേരിക്ക. ജൂണ്‍ 12ന് ഇന്ത്യക്കെതിരെയാണ് യു.എസ്.എയുടെ അടുത്ത മത്സരം. നസാവു ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Shoib Akther talks about Pakistan Cricket team performance