| Saturday, 16th July 2022, 5:18 pm

അമ്മായിയുടെ വീട്ടില്‍ പോയി ഇരുന്നും കാന്‍ഡി ക്രഷ് കളിച്ചുമല്ല അദ്ദേഹം 70 സെഞ്ച്വറികള്‍ നേടിയത്; വിരാടിന്റെ വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് അക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോഹ്‌ലി. അദ്ദേഹം ഉണ്ടാക്കിയ റെക്കോഡുകളൊന്നും മോഡേണ്‍ ഡേ ക്രിക്കറ്റില്‍ മറ്റാരും സ്വന്തമാക്കിയിട്ടില്ല. എന്നാല്‍ കുറച്ചുനാളുകളായി അദ്ദേഹത്തിന്റെ ബാറ്റ് നിശബ്ദമാണ്.

ഈ ഒരു സാഹചര്യം ക്രിക്കറ്റില്‍ എല്ലാ വമ്പന്‍ താരങ്ങള്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ വിരാടിന്റെ ഫോമൗട്ടിനെ വലിയ രീതിയിലാണ് മാധ്യമങ്ങളും മുന്‍ താരങ്ങളും മാര്‍ക്കറ്റ് ചെയ്യുന്നത്. എന്നാല്‍ വിരാടിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം ഒരുപാട് താരങ്ങള്‍ പിന്തുണയ്ക്കുന്നുണ്ട്.

അദ്ദേഹത്തിനൊരു മോശം സമയം വന്നപ്പോള്‍ അംഗീകരിച്ചിരുന്നവരെല്ലാം പെട്ടെന്ന് വിരാടിന്റെ ഹെയ്‌റ്റേഴ്‌സായി മാറുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഇവര്‍ക്കെല്ലാം ചുട്ടമറുപടിയുമായി വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ഇതിഹാസ ബൗളര്‍ ഷോയിബ് അക്തര്‍.

വിരാടാണ് കഴിഞ്ഞ പത്തുകൊല്ലത്തിനടയിലെ ഏറ്റവും മികച്ച കളിക്കാരനെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ എഴുതി തള്ളാന്‍ സാധിക്കില്ല എന്നും ഷോയിബ് പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ച്വറികള്‍ നേടിയ താരമാണ് വിരാട്. അദ്ദേഹം അത് ആന്റിയുടെ വീട്ടില്‍ പോയി ഇരുന്നും, കാന്‍ഡി ക്രഷ് കളിച്ചിരുന്നും അടിച്ചതല്ല എന്നും അക്തര്‍ വിമര്‍ശിച്ചു.

‘വിരാട് 70 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്, അത് കാന്‍ഡി ക്രഷ് കളിച്ചുകൊണ്ടോ അമ്മായിയുടെ വീട് സന്ദര്‍ശിച്ചുകൊണ്ടോ നേടിയതല്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം, കഴിഞ്ഞ രണ്ട് വര്‍ഷത്തെ അടിസ്ഥാനമാക്കി അദ്ദേഹത്തെ ഒരു കാലം കഴിഞ്ഞ കളിക്കാരന്‍ എന്ന് വിളിക്കാന്‍ കഴിയില്ല,’ അക്തര്‍ പറഞ്ഞു.

വിരാടിനെ കുറിച്ചുള്ള കപില്‍ ദേവിന്റെ പ്രസ്താവനെയെ കുറിച്ചും അക്തര്‍ സംസാരിച്ചിരുന്നു. കപിലിന്‍ അത് പറയാനുള്ള അവകാശമുണ്ടെന്നാണ് അക്തര്‍ പറഞ്ഞത്.

‘നോക്കൂ, ഒരു ഇതിഹാസമെന്ന നിലയില്‍ കപില്‍ ദേവിന് വിരാടിനെ പറയാനുള്ള അവകാശമുണ്ട്. വിരാടിനോട് തനിക്ക് വേണ്ട പോലെ അദ്ദേഹത്തിന് പറയാന്‍ കഴിയും, പക്ഷേ മറ്റാര്‍ക്കും പറയാന്‍ പറ്റില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം വിരാട് കളി അവസാനിപ്പിക്കുമ്പോള്‍ 110 സെഞ്ച്വറി നേടുമെന്നാണ് അക്തറിന്റെ വാദം.

Content Highlights: Shoib Akthar says Virat Kohli scored 70 hundreds not by playing Candy crush saga

We use cookies to give you the best possible experience. Learn more