| Monday, 17th September 2018, 6:57 pm

ജന്മവാര്‍ഷിക ദിനത്തില്‍ പെരിയാറിന്റെ പ്രതിമയ്ക്കു നേരെ തമിഴ്‌നാട്ടില്‍ രണ്ടിടത്ത് ചെരിപ്പേറും അക്രമവും; അഭിഭാഷകന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടിടങ്ങളില്‍ പെരിയാര്‍ പ്രതിമകള്‍ക്കു നേരെ ചെരിപ്പേറ്. ദ്രാവിഡ രാഷ്ട്രീയാചാര്യന്‍ ഇ.വി. രാമസ്വാമിയെന്ന പെരിയാറിന്റെ നൂറ്റിനാല്‍പതാം ജന്മവാര്‍ഷികമായ തിങ്കളാഴ്ചയാണ് ചെന്നൈയിലും തിരുപ്പൂരിലും പ്രതിമയക്കു നേരെ ചെരിപ്പേറ് ഉണ്ടായിരിക്കുന്നത്. സംഭവങ്ങളെത്തുടര്‍ന്ന് ഒരു അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ചെന്നൈ മൗണ്ട് റോഡിലാണ് ആദ്യ സംഭവം. ചെരിപ്പെറിഞ്ഞ അഭിഭാഷകന്‍ ജഗദീശനെ വിടുതലൈ ചിരുത്തൈകള്‍ കക്ഷി പ്രവര്‍ത്തകര്‍ പിടികൂടി ചെന്നൈ പൊലീസിനു കൈമാറുകയായിരുന്നു.

തിരുപ്പൂരില്‍ നടന്ന സമാനമായ സംഭവത്തില്‍, അക്രമികള്‍ പെരിയാറിന്റെ പ്രതിമയുടെ ശിരസ്സിന്റെ ഒരു ഭാഗം ചെത്തിമാറ്റുകയും, പ്രതിമയ്ക്കു മുകളില്‍ ചെരിപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വിഷയം ഗൗരവമായി പരിഗണിക്കുമെന്നും, പ്രതികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും ഫിഷറീസ് വകുപ്പു മന്ത്രി ഡി. ജയകുമാര്‍ പറഞ്ഞു.

Also Read: പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി തുടരും; ആരോഗ്യസ്ഥിതിയില്‍ പുരോഗതി; ഔഗ്യോഗിക തിരുമാനം കോര്‍ കമ്മിറ്റിക്ക് ശേഷം

അതിക്രമത്തെ ശക്തമായി അപലപിച്ചുകൊണ്ട് ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിനും രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ ദേശീയ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി അറസ്റ്റു ചെയ്യണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വച്ചു.

“പെരിയാറിന്റെ ആശയങ്ങളെ ആഘോഷിക്കേണ്ട ദിവസമാണിത്. പെരിയാറിന്റെ അപമാനിക്കുന്നതിലൂടെ തമിഴ്‌നാടിന്റെ സമാധാനാന്തരീക്ഷവും സാമുദായിക ഐക്യവും കളങ്കപ്പെടുത്താനാണ് ചിലരുടെ ശ്രമം. മൃഗങ്ങളെപ്പോലെയാണിവര്‍ പെരുമാറുന്നത്.” സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more