ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനു നേരെ യുവാവ് ചെരിപ്പെറിഞ്ഞു. ബിജെപൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണചത്തിനിടെയാണ് സംഭവം. ചെരിപ്പെറിഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുംഭാരിയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയപ്പോഴാണ് മുഖ്യമന്ത്രിയ്ക്കു നേരെ ചെരിപ്പേറുണ്ടായത്. രണ്ടു ചെരിപ്പുകളാണ് യുവാവ് എറിഞ്ഞത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തട്ടിയകറ്റിയതിനാല്‍ ചെരിപ്പുകള്‍ പട്‌നായിക്കിന്റെ ദേഹത്ത് കൊണ്ടില്ല.
പ്രകോപനമില്ലാതെ പെട്ടെന്നാണ് യുവാവ് ചെരിപ്പെറിഞ്ഞത്. പരിപാടിയില്‍ സദസ്സിന്റെ മുന്‍നിരയിലാണ് ഇയാള്‍ ഇരുന്നത്. ചെരിപ്പേറിനു ശേഷം ഉടന്‍ തന്നെ മുഖ്യമന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തു നിന്നു മാറ്റി.
ഭരണകക്ഷിയായ ബിജു ജനതാദള്‍ (ബി.ജെ.ഡി) നേതാവാണ് നവീന്‍ പട്‌നായിക്ക്. ചെരിപ്പേറിനു പിന്നില്‍ ബി.ജെ.പിയാണെന്ന് ബി.ജെ.ഡി ആരോപിച്ചു.
“ചെരിപ്പെറിഞ്ഞത് ബി.ജെ.പി പ്രവര്‍ത്തകനാണ്. പ്രതിപക്ഷകക്ഷിയായ ബി.ജെ.പിയാണ് ഇതിനു പിന്നില്‍. തെരഞ്ഞെടുപ്പില്‍ ജയിക്കാനായി അവര്‍ ചെയ്യുന്നതാണ് ഇതെല്ലാം.” -ബി.ജെ.ഡി എം.എല്‍.എ ദെബെഷ് ആചാര്യ പറഞ്ഞു.
എന്നാല്‍ ബി.ജെ.പി ആരോപണം നിഷേധിച്ചു. മുഖ്യമന്ത്രിയ്ക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ബി.ജെ.പി അധ്യക്ഷന്‍ ബസന്ത് പാണ്ഡെ പറഞ്ഞു.
ചെരിപ്പേറിന്റെ വീഡിയോ എ.എന്‍.ഐ പുറത്തു വിട്ടിട്ടുണ്ട്.
വീഡിയോ കാണാം: